2011, ഡിസംബർ 31, ശനിയാഴ്‌ച

ദൈവമാതൃത്വത്തിരുനാൾ

2012  JANUARY 1

പരിശുദ്ധ കന്യകാമാതാവിന്റെ ദൈവമാതൃത്വത്തിരുനാൾ
(പരിശുദ്ധഅമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി നൽകുന്ന സന്ദേശം)

       ഇന്ന് എന്റെ ദിവ്യമാതൃത്വത്തിന്റെ വെളിച്ചത്തിൽ നിങ്ങൾ ഒരു പുതുവർഷം ആരംഭിക്കുകയാണ്.   ഈ  ആദ്യ  ദിവസം തിരുസഭ എന്നെ അമ്മയെന്ന സംജ്ഞയിൽ വിളിച്ചപേക്ഷിക്കുകയും എന്റെ മാതൃ സംരക്ഷണം എല്ലാവരിലും എത്തിക്കുന്നതിന് എന്നോടഭ്യർത്ഥിക്കയും ചെയ്യുന്നു.
             കർത്താവിന്റെ മഹത്തായ ദാനമാണ് സമാധാനം. അത് ക്രിസ്തുമസ്സ് ദിനത്തിൽ     നിങ്ങൾക്കു്    അതിസമൃദ്ധമായി നൽകപ്പെടുന്നു. ബത്ലഹേമിൽ, തന്റെ ജനന സമയത്ത് വളരെ ബലഹീനനായി നിങ്ങൾ കാണുന്ന ഉണ്ണിയേശു, സമാധാനത്തിന്റെ നിത്യനായ രാജാവത്രേ. അവന്റെ നാമം 'സമാധാനം' എന്നാണ്. അവന്റെ ദാനം സമാധാനമാണ്; അവന്റെ ദൗത്യം എല്ലാവർക്കും സമാധാനം കൊണ്ടുവരിക എന്നതാണ്.

               'അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനവും.'  അവൻ ജനിച്ച രാത്രിയിൽ മാലാഖമാർ പാടിയ ആഹ്ളാദദായകമായ ഗാനം ഇതാണ്.

 ദൈവവും മനുഷ്യനും തമ്മിൽ സമാധാനം:  ഇതിനുവേണ്ടിയത്രേ പിതാവിന്റെ വചനം എന്റെ കന്യോദരത്തിൽ മനുഷ്യാവതാരം ചെയ്തതും ബത്ലഹേമിൽ ജനിച്ചതും കാൽവരിയിൽ ആത്മബലി ചെയ്തതും.

എല്ലാ മനുഷ്യരുടെയിടയിലും സമാധാനം:    എന്തെന്നാൽ നിങ്ങളെല്ലാവരും ദൈവത്തിന്റെ മക്കളാണ്. യേശുവിന്റെ യഥാർത്ഥ സഹോദരന്മാരാണ്; പരസ്പരവും സഹോദരന്മാരാണ്. നിങ്ങൾ സാഹോദര്യത്തിൽ ജീവിക്കുക എന്നതിലത്രേ മനുഷ്യർ തമ്മിലുള്ള സമാധാനത്തിന്റെ ഉറവിടം സ്ഥിതി ചെയ്യുന്നത്. എന്തെന്നാൽ സമാധാനമാകുന്ന ദാനം സ്നേഹത്തിന്റെ പാതയിൽ മാത്രമേ കാണാൻ കഴിയൂ. സ്നേഹത്തിന്റെ പാതയാകട്ടെ, ദൈവത്തിന്റെ നിയമങ്ങളും കൽപ്പനകളും അനുസരിക്കുന്നതിൽ അടങ്ങിയിരിക്കുന്നു.   കർത്താവിന്റെ   നിയമങ്ങൾ അനുസരിക്കപ്പെടുന്നില്ലെങ്കിൽ മനുഷ്യവർഗ്ഗം സ്വാർത്ഥതയുടെയും ക്രമരാഹിത്യത്തിന്റെയും അക്രമത്തിന്റെയും പാതയിലൂടെ ഓടുകയായിരിക്കും.
 
ഈ പുതുവർഷത്തിന്റെ  ആരംഭത്തിൽ നിങ്ങളുടെ രക്ഷകനായ യേശുവിനെയും നിങ്ങളുടെ സ്വർഗ്ഗീയ മാതാവിനെയും നോക്കുക. അവർ നിങ്ങളെ സമാശ്വസിപ്പിക്കയും നയിക്കയും ചെയ്യും.

2011, ഡിസംബർ 30, വെള്ളിയാഴ്‌ച

Last Night of the Year

പരിശുദ്ധഅമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി നൽകുന്ന സന്ദേശം
                     

പ്രിയ കഞ്ഞുങ്ങളേ,  വർഷത്തിന്റെ ഈ അവസാന മണിക്കൂറുകൾ നിങ്ങൾ എന്നോടൊത്ത് ചെലവഴിക്കുക.
                                               മദിച്ചുല്ലസിച്ചും ഹർഷാരവങ്ങൾ മുഴക്കിയും ഈ   അവസാന മണിക്കൂറുകളിൽ  പുതുവർഷത്തെ   സ്വാഗതം ചെയ്യാനൊരുങ്ങുന്നവർ  വളരെയേറെയുണ്ട്.    ദൈവത്തിന്റെ പരിശുദ്ധ കൽപ്പനകൾ പോലും ലംഘിച്ചു  കൊണ്ട്  തികച്ചും അക്രൈസ്തവമായ അന്തരീക്ഷത്തിലാണവർ പുതുവർഷത്തെ കാത്തിരിക്കുന്നത്.   
              നിങ്ങളെ സംബന്ധിച്ചിടത്തോളം ഈ മണിക്കൂറുകൾ നിശ്ശബ്ദതയുടേതും പ്രാർത്ഥനയുടേതുമായ  മണിക്കൂറുകളാണ്.

                           കർത്താവ്, ഈ തലമുറയുടെ പടിവാതിൽക്കൽ നിൽക്കുകയാണ്.  തന്റെ  രക്ഷാകരകർമ്മത്തിന്റെ  വിശുദ്ധ വൽസരത്തിൽ  സ്നേഹത്തോടുകൂടി  നിർബ്ബന്ധപൂർവം എല്ലാവരുടേയും ഹൃദയങ്ങളിൽ മുട്ടുന്നു. നിങ്ങളെ രക്ഷിക്കുന്നതിനും സമാധാനത്തിലേക്കു  നയിക്കുന്നതിനും  ആഗ്രഹിക്കുന്ന ദൈവത്തിന്റെ പക്കലേക്ക് തിരിച്ചുവരുവിൻ.  നിങ്ങളുടെ രക്ഷകനിലേക്കു പിന്തിരിയുക. ആഗതനാകുന്ന ക്രിസ്തുവിന് നിങ്ങളുടെ ഹൃദയങ്ങൾ തുറന്നു കൊടുക്കുക.
 
        നിങ്ങൾ ജീവിക്കുന്ന സമയം അടിയന്തിര സ്വഭാവമുള്ളതത്രേ. ഇക്കാരണത്താൽ,  ഞാൻ നിങ്ങളോടാവശ്യപ്പെടുന്നു; മുട്ടിന്മേൽ നിന്നുകൊണ്ട് പ്രത്യാശാഭരിതവും നിരന്തരവുമായ പ്രാർത്ഥനയിൽ വർഷത്തിന്റെ  അവസാന മണിക്കൂറുകൾ  ചെലവഴിക്കുക. നിങ്ങളുടെ സ്വർഗ്ഗീയ മാതാവിന്റെ ശക്തമായ യാചനയോടുകൂടി നിങ്ങളുടെ  സ്വരങ്ങളും  ചേർക്കുക.   ദൈവത്തിന്റെ അനന്തകാരുണ്യം  നിങ്ങൾക്കായി  ഒരുക്കിയിരിക്കുന്ന പുതുയുഗത്തിൽ,  പ്രാർത്ഥനയിലും  പരിത്യാഗത്തിലും എന്നോടൊപ്പം ജീവിക്കുവാൻ നിങ്ങൾ നിങ്ങളെത്തന്നെ പ്രാപ്തരാക്കുക.