2011, ഡിസംബർ 31, ശനിയാഴ്‌ച

ദൈവമാതൃത്വത്തിരുനാൾ

2012  JANUARY 1

പരിശുദ്ധ കന്യകാമാതാവിന്റെ ദൈവമാതൃത്വത്തിരുനാൾ
(പരിശുദ്ധഅമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി നൽകുന്ന സന്ദേശം)

       ഇന്ന് എന്റെ ദിവ്യമാതൃത്വത്തിന്റെ വെളിച്ചത്തിൽ നിങ്ങൾ ഒരു പുതുവർഷം ആരംഭിക്കുകയാണ്.   ഈ  ആദ്യ  ദിവസം തിരുസഭ എന്നെ അമ്മയെന്ന സംജ്ഞയിൽ വിളിച്ചപേക്ഷിക്കുകയും എന്റെ മാതൃ സംരക്ഷണം എല്ലാവരിലും എത്തിക്കുന്നതിന് എന്നോടഭ്യർത്ഥിക്കയും ചെയ്യുന്നു.
             കർത്താവിന്റെ മഹത്തായ ദാനമാണ് സമാധാനം. അത് ക്രിസ്തുമസ്സ് ദിനത്തിൽ     നിങ്ങൾക്കു്    അതിസമൃദ്ധമായി നൽകപ്പെടുന്നു. ബത്ലഹേമിൽ, തന്റെ ജനന സമയത്ത് വളരെ ബലഹീനനായി നിങ്ങൾ കാണുന്ന ഉണ്ണിയേശു, സമാധാനത്തിന്റെ നിത്യനായ രാജാവത്രേ. അവന്റെ നാമം 'സമാധാനം' എന്നാണ്. അവന്റെ ദാനം സമാധാനമാണ്; അവന്റെ ദൗത്യം എല്ലാവർക്കും സമാധാനം കൊണ്ടുവരിക എന്നതാണ്.

               'അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനവും.'  അവൻ ജനിച്ച രാത്രിയിൽ മാലാഖമാർ പാടിയ ആഹ്ളാദദായകമായ ഗാനം ഇതാണ്.

 ദൈവവും മനുഷ്യനും തമ്മിൽ സമാധാനം:  ഇതിനുവേണ്ടിയത്രേ പിതാവിന്റെ വചനം എന്റെ കന്യോദരത്തിൽ മനുഷ്യാവതാരം ചെയ്തതും ബത്ലഹേമിൽ ജനിച്ചതും കാൽവരിയിൽ ആത്മബലി ചെയ്തതും.

എല്ലാ മനുഷ്യരുടെയിടയിലും സമാധാനം:    എന്തെന്നാൽ നിങ്ങളെല്ലാവരും ദൈവത്തിന്റെ മക്കളാണ്. യേശുവിന്റെ യഥാർത്ഥ സഹോദരന്മാരാണ്; പരസ്പരവും സഹോദരന്മാരാണ്. നിങ്ങൾ സാഹോദര്യത്തിൽ ജീവിക്കുക എന്നതിലത്രേ മനുഷ്യർ തമ്മിലുള്ള സമാധാനത്തിന്റെ ഉറവിടം സ്ഥിതി ചെയ്യുന്നത്. എന്തെന്നാൽ സമാധാനമാകുന്ന ദാനം സ്നേഹത്തിന്റെ പാതയിൽ മാത്രമേ കാണാൻ കഴിയൂ. സ്നേഹത്തിന്റെ പാതയാകട്ടെ, ദൈവത്തിന്റെ നിയമങ്ങളും കൽപ്പനകളും അനുസരിക്കുന്നതിൽ അടങ്ങിയിരിക്കുന്നു.   കർത്താവിന്റെ   നിയമങ്ങൾ അനുസരിക്കപ്പെടുന്നില്ലെങ്കിൽ മനുഷ്യവർഗ്ഗം സ്വാർത്ഥതയുടെയും ക്രമരാഹിത്യത്തിന്റെയും അക്രമത്തിന്റെയും പാതയിലൂടെ ഓടുകയായിരിക്കും.
 
ഈ പുതുവർഷത്തിന്റെ  ആരംഭത്തിൽ നിങ്ങളുടെ രക്ഷകനായ യേശുവിനെയും നിങ്ങളുടെ സ്വർഗ്ഗീയ മാതാവിനെയും നോക്കുക. അവർ നിങ്ങളെ സമാശ്വസിപ്പിക്കയും നയിക്കയും ചെയ്യും.

2011, ഡിസംബർ 30, വെള്ളിയാഴ്‌ച

Last Night of the Year

പരിശുദ്ധഅമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി നൽകുന്ന സന്ദേശം
                     

പ്രിയ കഞ്ഞുങ്ങളേ,  വർഷത്തിന്റെ ഈ അവസാന മണിക്കൂറുകൾ നിങ്ങൾ എന്നോടൊത്ത് ചെലവഴിക്കുക.
                                               മദിച്ചുല്ലസിച്ചും ഹർഷാരവങ്ങൾ മുഴക്കിയും ഈ   അവസാന മണിക്കൂറുകളിൽ  പുതുവർഷത്തെ   സ്വാഗതം ചെയ്യാനൊരുങ്ങുന്നവർ  വളരെയേറെയുണ്ട്.    ദൈവത്തിന്റെ പരിശുദ്ധ കൽപ്പനകൾ പോലും ലംഘിച്ചു  കൊണ്ട്  തികച്ചും അക്രൈസ്തവമായ അന്തരീക്ഷത്തിലാണവർ പുതുവർഷത്തെ കാത്തിരിക്കുന്നത്.   
              നിങ്ങളെ സംബന്ധിച്ചിടത്തോളം ഈ മണിക്കൂറുകൾ നിശ്ശബ്ദതയുടേതും പ്രാർത്ഥനയുടേതുമായ  മണിക്കൂറുകളാണ്.

                           കർത്താവ്, ഈ തലമുറയുടെ പടിവാതിൽക്കൽ നിൽക്കുകയാണ്.  തന്റെ  രക്ഷാകരകർമ്മത്തിന്റെ  വിശുദ്ധ വൽസരത്തിൽ  സ്നേഹത്തോടുകൂടി  നിർബ്ബന്ധപൂർവം എല്ലാവരുടേയും ഹൃദയങ്ങളിൽ മുട്ടുന്നു. നിങ്ങളെ രക്ഷിക്കുന്നതിനും സമാധാനത്തിലേക്കു  നയിക്കുന്നതിനും  ആഗ്രഹിക്കുന്ന ദൈവത്തിന്റെ പക്കലേക്ക് തിരിച്ചുവരുവിൻ.  നിങ്ങളുടെ രക്ഷകനിലേക്കു പിന്തിരിയുക. ആഗതനാകുന്ന ക്രിസ്തുവിന് നിങ്ങളുടെ ഹൃദയങ്ങൾ തുറന്നു കൊടുക്കുക.
 
        നിങ്ങൾ ജീവിക്കുന്ന സമയം അടിയന്തിര സ്വഭാവമുള്ളതത്രേ. ഇക്കാരണത്താൽ,  ഞാൻ നിങ്ങളോടാവശ്യപ്പെടുന്നു; മുട്ടിന്മേൽ നിന്നുകൊണ്ട് പ്രത്യാശാഭരിതവും നിരന്തരവുമായ പ്രാർത്ഥനയിൽ വർഷത്തിന്റെ  അവസാന മണിക്കൂറുകൾ  ചെലവഴിക്കുക. നിങ്ങളുടെ സ്വർഗ്ഗീയ മാതാവിന്റെ ശക്തമായ യാചനയോടുകൂടി നിങ്ങളുടെ  സ്വരങ്ങളും  ചേർക്കുക.   ദൈവത്തിന്റെ അനന്തകാരുണ്യം  നിങ്ങൾക്കായി  ഒരുക്കിയിരിക്കുന്ന പുതുയുഗത്തിൽ,  പ്രാർത്ഥനയിലും  പരിത്യാഗത്തിലും എന്നോടൊപ്പം ജീവിക്കുവാൻ നിങ്ങൾ നിങ്ങളെത്തന്നെ പ്രാപ്തരാക്കുക.

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

മൂന്നാമത്തെ അടയാളം - ഭിന്നത

1979 February 11 -  ലൂർദ് ദർശനത്തിന്റെ വാർഷികം
(മാതാവിന്റെ സന്ദേശം - ഫാദര്‍ ഗോബിക്കു ലഭിച്ചത്)

"പ്രിയസുതരേ, ഈശോ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിച്ചാൽ നിങ്ങൾ യഥാർത്ഥത്തിൽ ഐക്യമുള്ളവരായിത്തീരും. ഐക്യമാണ് സ്നേഹത്തിന്റെ പൂർണ്ണത.

ഇന്ന് തിരുസഭയ്ക്കുള്ളിലുള്ള പിളർപ്പുകൾ കാണുമ്പോൾ എന്റെ വിമലഹൃദയം ഭയന്നു വിറയ്ക്കുകയും അപാരമായ ദുഃഖത്തിലാണ്ടു പോകയും ചെയ്യുന്നു.

സഭയ്ക്കുള്ളിൽ കടന്നുകൂടിയിരിക്കുന്ന ഈ പിളർപ്പുകൾ, അവളുടെ വേദനാജനകമായ ശുദ്ധീകരണത്തിന്റെ അന്ത്യനിമിഷത്തിലേക്ക് അവൾ എത്തിയിരിക്കുന്നു എന്നതിന്റെ മൂന്നാമത്തെ അടയാളമത്രേ.

നൂറ്റാണ്ടുകളിലൂടെ കടന്നപ്പോൾ സഭ പലപ്രാവശ്യം ഭിന്നിപ്പുകളാൽ പിളർക്കപ്പെടുകയും അത് എന്റെ മക്കളിൽ അനേകരെ അവളിൽ നിന്ന് വേർപെടുത്തുകയും ചെയ്തു. എന്നിട്ടും അവളുടെ ആന്തരിക ഐക്യമെന്ന സവിശേഷമായ അനുഗ്രഹം ഞാൻ ഈശോയിൽ നിന്നു നേടിയിട്ടുണ്ട്.

എന്നാൽ ഇക്കാലത്ത് എന്റെ ശത്രു, സഭയുടെ ഈ ദിവ്യഐക്യത്തിന്റെ കാന്തിയെപ്പോലും അവന്റെ പുക കൊണ്ട് അന്ധകാരമയമാക്കുന്നതിൽ വിജയിച്ചിരിക്കുന്നു.
 
ഈ ആന്തരിക ഭിന്നത,  സത്യത്തെ പിന്താങ്ങുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള പരിശ്രമത്തിൽ പലപ്പോഴും പരസ്പരം എതിരിടുന്ന വിശ്വാസികളുടെ ഇടയിൽപ്പോലും  ദൃശ്യമാകുന്നു. അങ്ങനെ അവർ പോലും സത്യത്തെ ഒറ്റിക്കൊടുക്കുന്നു.

ഈ ആന്തരിക ഭിന്നത, പലപ്പോഴും വൈദികർ വൈദികർക്കെതിരായും മെത്രാന്മാർ മെത്രാന്മാർക്കെതിരായും കർദ്ദിനാളന്മാർ കർദ്ദിനാളന്മാർക്കെതിരായും നിലകൊള്ളാൻ ഇടയാക്കുന്നു. എന്തെന്നാൽ ഇക്കാലത്തെപ്പോലെ മറ്റൊരിക്കലും സാത്താൻ അവരുടെയിടയിലേക്കു കടന്നുകൂടി വിലപ്പെട്ട അവരുടെ പരസ്പരസ്നേഹത്തിന്റെ കെട്ടുറപ്പ് തകർക്കുന്നതിൽ വിജയിച്ചിട്ടില്ല.

ഞാൻ പ്രത്യേകമായ വിധത്തിൽ സ്നേഹിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മകനും ക്രിസ്തുവിന്റെ വികാരിയുമായ മാർപ്പാപ്പയെപ്പോലും പരിത്യജിക്കുവാനുള്ള പ്രവണതയിൽ ഈ ആന്തരിക ഭിന്നത സ്പഷ്ടമാകുന്നുണ്ട്.

എതിരാളികളാൽ ഭീഷണിയും തടസ്സങ്ങളും അദ്ദേഹം നേരിടുമ്പോൾ, എന്റെ മക്കളുടെ നിശ്ശബ്ദതയും ഉപേക്ഷയും പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളേയും പ്രവൃത്തികളേയും മറച്ചുകളയുന്ന കാഴ്ച എന്റെ മാതൃഹൃദയത്തെ മുറിപ്പെടുത്തുന്നു.

തിരുസഭ മുഴുവനും അദ്ദേഹത്തിന്റെ ദൗത്യത്തെ വേണ്ടവിധത്തിൽ പിന്താങ്ങുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. ചില പുരോഹിതർ പോലും അദ്ദേഹത്തിന്റെ  വിശ്വസനീയമായ വാക്കുകളാലും പ്രബോധനങ്ങളാലും നയിക്കപ്പെടുവാൻ വിസമ്മതിക്കുന്നതു കാണുമ്പോൾ എന്റെ മാതൃഹൃദയം ദുഃഖത്തിലാണ്ടു പോകുന്നു.

മാർപ്പാപ്പയിൽ നിന്നും വിഘടിച്ചു നിൽക്കുന്നതിനുള്ള ആദ്യത്തെ മാർഗ്ഗം തുറന്ന എതിർപ്പാണ്. എന്നാൽ അതിനേക്കാൾ കൗശലപൂർവവും അപകടകരവുമായ മറ്റൊരു മാർഗ്ഗം കൂടിയുണ്ട്. മാർപ്പാപ്പയോടുള്ള തന്റെ യോജിപ്പ് ബാഹ്യമായി പ്രഖ്യാപിക്കുകയും എന്നാൽ മാനസികമായി അദ്ദേഹത്തോടു വിയോജിക്കുകയും അദ്ദേഹത്തിന്റെ  പഠനങ്ങളെ നിഷ്പ്രഭമാക്കി പ്രയോഗത്തിൽ അദ്ദേഹത്തിന്റെ  പ്രബോധനങ്ങൾക്കെതിരായി പ്രവർത്തിക്കുകയുമാണ് ആ മാർഗ്ഗം.

ഹാ!! എന്റെ ഈശോയുടെ ഭൗതികശരീരമേ, കാൽവരിയിലേക്കുള്ള നിന്റെ വേദനാനിർഭരമായ യാത്രയിൽ നീ പതിനൊന്നാം സ്ഥലത്ത് എത്തിയിരിക്കുന്നു!  അവിടെ  നിന്റെ ശരീരത്തിലെ അവയവങ്ങൾ ഞെരിഞ്ഞുതകർന്ന് നീ വീണ്ടും കുരിശിൽ തറക്കപ്പെടുന്നത് ഞാൻ കാണുന്നു!

എന്റെ വിമലഹൃദയത്തിന്റെ പ്രേഷിതരായ പ്രിയസുതരേ, നിങ്ങൾ എന്താണു ചെയ്യേണ്ടത്? നിങ്ങൾ സഭയുടെ ആന്തരിക  ഐക്യത്തിനു വേണ്ടി സ്വയം മരിക്കാൻപോലും സന്നദ്ധതയുള്ള, മണ്ണിലുള്ള വിത്തുകൾ പോലെയായിരിക്കണം.

അതുകൊണ്ട് മാർപ്പാപ്പയോടും അദ്ദേഹത്തോടു  ചേർന്നു നിൽക്കുന്ന തിരുസഭയോടുമുള്ള മഹത്തായ സ്നേഹത്തിലേക്കും വിശ്വസ്തതയിലേക്കും ഞാൻ നിങ്ങളെ അനുദിനം നയിക്കുന്നു. നിങ്ങളിൽക്കൂടെ  വേദനാജനകമായ ഞെരുക്കത്തിന്റെ ദിനങ്ങളെ അതിജീവിച്ച് സഭയുടെ വീണ്ടെടുക്കപ്പെട്ട ഐക്യത്തിന്റെ പ്രഭാപൂരം ലോകത്തിനു വെളിപ്പെടുത്താൻ എനിക്കു കഴിയും
."

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

രണ്ടാമത്തെ അടയാളം - അച്ചടക്കരാഹിത്യം


1979 February 2 - (ഉണ്ണിയേശുവിന്റെ സമർപ്പണത്തിരുനാൾ)

പ്രിയസുതരേ, എന്റെ കൈകളിൽ നിങ്ങൾ ഇനിയും ചെറിയവരാകാൻ ഞാൻ  അഭ്യർത്ഥിക്കുന്നത്, വിധേയത്വത്തിലൂടെയും ദൈവതിരുമനസ്സിനോടുള്ള പൂർണ്ണമായ അനുസരണത്തിലൂടെയും നിങ്ങളെ ഉണ്ണിയേശുവിനോട് അനുരൂപപ്പെടുത്താനത്രേ.
 
ഇന്ന് ദൈവത്തിന്റെ തിരുമനസ്സിനോട് വിധേയത്വമില്ലാതെ ജീവിക്കുന്ന എന്റെ അനേകം വൈദികരെ കാണുമ്പോൾ എന്റെ ഹൃദയത്തിന് മുറിവേൽക്കുകയാണ്. തങ്ങളുടെ വൈദികാവസ്ഥയുടെ നിയമങ്ങൾ അവർ അനുസരിക്കുന്നില്ല. മിക്കപ്പോഴും പ്രസ്തുത നിയമങ്ങളെ അവർ പരസ്യമായിത്തന്നെ ലംഘിക്കുന്നു. ഇപ്രകാരം അച്ചടക്കരാഹിത്യം സഭയിലെങ്ങും വ്യാപിക്കുന്നു. പുരോഹിതരുടെ ഇടയിലെ ഈ ശിക്ഷണരാഹിത്യമാണ് രണ്ടാമത്തെ അടയാളം. തിരുസഭ അവളുടെ ശുദ്ധീകരണകർമ്മത്തിന്റെ അവസാന സമയത്ത് എത്തിക്കഴിഞ്ഞിരിക്കയാണെന്ന് ഈ അടയാളം സൂചിപ്പിക്കുന്നു.

അച്ചടക്കരാഹിത്യം ഒട്ടേറെ ദുഷ്ഫലങ്ങൾ ഉളവാക്കുന്നു. ദൈവതിരുമനസ്സിനോട് മനസ്സിൽ വിധേയത്വം ഇല്ലാതിരിക്കുക, സ്വന്തം ജീവിതാവസ്ഥ ആവശ്യപ്പെടുന്ന കർത്തവ്യങ്ങൾ നിറവേറ്റുന്നതിലുള്ള ഉപേക്ഷ തുടങ്ങിയവയെല്ലാം അച്ചടക്കമുള്ള ജീവിതം നയിക്കാത്തതിന്റെ അനന്തരഫലങ്ങളാണ്. അമിതമായ പ്രവർത്തനങ്ങളിൽ മുഴുകിയും പ്രാർത്ഥന ഉപേക്ഷിച്ചും കഴിയുന്ന വൈദികർ എത്രയധികം!!   അവർ പതിവായി യാമപ്രാർത്ഥനകളും മൗനപ്രാർത്ഥനയും ഉപേക്ഷിക്കുന്നു. അവരുടെ പ്രാർത്ഥന, ധൃതിപ്പെട്ട് അർപ്പിക്കുന്ന ഒരു ദിവ്യബലിയിൽ ഒതുങ്ങുന്നു.


വൈദിക ജീവിതത്തെ നിയന്ത്രിക്കുന്ന കാനോനിക നിയമത്തിനെതിരേയുള്ള വർദ്ധിച്ചുവരുന്ന എതിർപ്പു് അച്ചടക്കരാഹിത്യത്തിൽ നിന്നാണു പുറപ്പടുന്നത്. വിശുദ്ധമായ ബ്രഹ്മചര്യത്തിന്റെ കർത്തവ്യങ്ങൾക്കെതിരേ തുടരെത്തുടരെ എതിർപ്പു് ഉന്നയിക്കപ്പെടുന്നു. ഈ ബ്രഹ്മചര്യം യേശു  ആഗ്രഹിച്ചതും തിരുസഭ നിശ്ചയിച്ചതും ഈയിടയ്ക്ക് മാർപ്പാപ്പ ശക്തമായി വീണ്ടും ഊന്നിപ്പറഞ്ഞതുമത്രേ.


ആരാധനാക്രമത്തിന്റെയും സഭാജീവിതത്തിന്റെയും നിയന്ത്രണത്തിനായി സഭ നിശ്ചയിച്ചു
നൽകിയിട്ടുള്ള നിയമങ്ങൾ അനായാസം അവഗണിക്കുന്നതിനുള്ള കാരണവും അച്ചടക്കരാഹിത്യം തന്നെ. ഇന്ന് ഓരോരുത്തരും സ്വന്തം അഭിരുചികളും തെരഞ്ഞെടുപ്പുമനുസരിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്നു.  വൈദികർ വൈദിക വസ്ത്രം ധരിക്കണമെന്നതുപോലുള്ള നിയമങ്ങൾ എത്ര ദുർമാതൃകാപരമായാണ് ലംഘിക്കപ്പെടുന്നത്!   കഷ്ടം!! അജപാലകരുടെ ദുർമാതൃക സഭയുടെ എല്ലാ തലങ്ങളിലുമുള്ള ശിക്ഷണരാഹിത്യത്തെ വർദ്ധിപ്പിക്കുന്നു.

എന്റെ പ്രിയസുതരേ, നിങ്ങളെന്താണു ചെയ്യേണ്ടത്?

വെറും പിഞ്ചു കഞ്ഞുങ്ങളെയെന്ന പോലെ ഞാൻ നിങ്ങളെ വഹിച്ചുകൊണ്ടു പോകുന്നതിന് നിങ്ങൾ എന്നെ അനുവദിക്കുക. അപ്പോൾ ഞാൻ നിങ്ങളെ പിതാവിന്റെ തിരുച്ചിത്തത്തോട് പൂർണ്ണമായും വിധേയത്വമുള്ളവരാക്കാം. ഇപ്രകാരം, സഭാനിയമങ്ങളോടുള്ള പൂർണ്ണമായ അനുസരണത്തിന്റെ ഉത്തമ മാതൃക നിങ്ങൾ മറ്റുള്ളവർക്കു നൽകും."

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

ശുദ്ധീകരണത്തിന്റെ അടയാളങ്ങൾ

1979  ജനുവരി 28 - ഫാദർ ഗോബിക്കു മാതാവു നൽകിയ സന്ദേശം
ആദ്യത്തെ അടയാളം : ആശയക്കുഴപ്പം

 
"പ്രിയസുതരേ, യേശു തന്റെ മണവാട്ടിയായ സഭയെ ചൈതന്യവൽക്കരിക്കുന്ന കാരുണ്യപ്രവൃത്തി ആരംഭിച്ചു കുഴിഞ്ഞു.

സഭയ്ക്കു് ശുദ്ധീകരണത്തിന്റ സമയമായിരിക്കുന്നു എന്നു കാണിക്കുന്ന പല അടയാളങ്ങളും നിങ്ങൾക്കു കാണാം. ഇവയിൽ ഒന്നാമത്തേത്, സഭയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പമാണ്.         ഇപ്പോഴീ  ആശയക്കുഴപ്പം  അതിന്റെ മൂർദ്ധന്യത്തിലെത്തിയിരിക്കുന്നു. അതിന്റെ ഫലമായി സഭയിൽ  വിശ്വാസസത്യം, ആരാധനാക്രമം, ശിക്ഷണം എന്നീ തലങ്ങളിൽ അട്ടിമറി നടക്കുന്നു.

 
എന്റെ പുത്രൻ വെളിപ്പെടുത്തിയവയും ദിവ്യവും അപ്രമാദവുമായ അധികാരത്താൽ സഭ ചിരസ്ഥായിയായി നിർവചിച്ച സത്യങ്ങളും ഇക്കൂട്ടത്തിൽ പെട്ടിട്ടുണ്ട്.   ഈ സത്യങ്ങൾ ദൈവമെന്ന സനാതനസത്യം പോലെ മാറ്റമില്ലാത്തവയാണ്. ഇവയിൽ  പലതും യഥാർത്ഥത്തിൽ അനിർവചനീയമായ രഹസ്യങ്ങളാണ്. മാനുഷികബുദ്ധി കൊണ്ടു് ഇവയെ ഗ്രഹിക്കാൻ സാദ്ധ്യവുമല്ല. സഭയുടെ ഔദ്യോഗിക പഠനം വഴി എല്ലാ മനുഷ്യർക്കുമായി ദൈവം വെളിപ്പെടുത്തിയ ഈ സത്യങ്ങൾ, ദൈവത്തിലുള്ള ദൃഢവിശ്വാസത്തോടും എളിമയോടും കൂടി മനുഷ്യർ അംഗീകരിക്കണം.


എന്നാലിപ്പോൾ എല്ലാക്കാര്യങ്ങളും, ദൈവരഹസ്യങ്ങൾ പോലും, അപഗ്രഥിക്കുന്നതിനും ഗ്രഹിക്കുന്നതിനും മനുഷ്യബുദ്ധിക്ക് ഗ്രാഹ്യമായ സത്യത്തിന്റെ അംശങ്ങൾ മാത്രം സ്വീകരിക്കുന്നതുമായ സ്ഥിതി സംജാതമായിട്ടുണ്ട്. ദൈവമെന്ന രഹസ്യം പോലും അനാവരണം ചെയ്യാമെന്നാണ് ചിലരുടെ ആശ! ബുദ്ധിയ്ക്കു ഗ്രഹിക്കാൻ  കഴിയാത്ത ഏതു സത്യവും അവർ തള്ളിക്കളയുന്നു. എല്ലാവർക്കും സ്വീകാര്യമാക്കുക എന്ന വ്യാജേന, എല്ലാ ആവിഷ്കൃത സത്യങ്ങളും നവീനവും യുക്ത്യാനുസാരവുമായ രീതിയിൽ ഉന്നയിക്കുന്നതിനുള്ള പ്രവണതയും കണ്ടുവരുന്നു.

ഇപ്രകാരം സത്യത്തിൽ മായം ചേർക്കപ്പെടുന്നു. അർത്ഥസത്യം ഏറ്റം അപകടകരമായ വിധത്തിൽ പ്രചരിപ്പിക്കപ്പെടുന്നു. കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനമായ സത്യങ്ങളെ തകിടംമറിക്കുന്നതിൽ ഇത് എത്തിച്ചേരുന്നു.

സത്യങ്ങൾ  വ്യക്തമായി നിരസിക്കപ്പെടുന്നില്ല. എന്നാൽ അവ വ്യത്യസ്ത അർത്ഥമുള്ളതായി ചിത്രീകരിക്കപ്പെടുകയും അങ്ങനെ അസത്യവുമായി കൂട്ടിക്കുഴച്ച് സഭയുടെ പ്രബോധനങ്ങളുടെ മാറ്റു കുറച്ചു കാണിക്കുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസംഗങ്ങളും വാദപ്രതിവാദങ്ങളും അവിരാമം തുടരുന്നു. ഫലമോ, വിശ്വാസം നഷ്ടപ്പെടുകയും അബദ്ധത്തിന്റെ അന്ധകാരം എങ്ങും വ്യാപിക്കുകയും ചെയ്യുന്നു.


 സഭയെന്നാൽ, യഥാർത്ഥത്തിൽ  നിങ്ങളുടെ ഇടയിൽ അദൃശ്യനായി ജീവിക്കുന്ന ക്രിസ്തുവാണ്.   ക്രിസ്തുവാണ് സത്യം. ആകയാൽ, സത്യം തന്നെയായ ക്രിസ്തുവിന്റെ പ്രകാശത്തിൽ സഭ സദാസമയം പ്രശോഭിക്കണം.

എന്നാൽ ഇക്കാലത്ത് സഭയുടെ ശത്രു വിജയം നേടിയിരിക്കുന്നു! സഭയുടെ ഉള്ളിലേക്കു് അന്ധകാരം കടത്തി വിടുന്നതിൽ അവൻ വിജയിച്ചിരിക്കുന്നു. പിശാചിന്റെ പുകയേറ്റ് സഭ കറുത്തിരുണ്ടു പോയി! പിശാച് ആദ്യമായി എന്റെ മക്കളിൽ (വൈദികരിൽ) അനേകരുടെ  ചിന്താശക്തിയിലും  വിചിന്തനങ്ങളിലും മങ്ങലേൽപ്പിച്ചു. വ്യാജസ്തുതിയിലൂടെയും അഹങ്കാരത്തിലൂടെയും അവരെ അവൻ വഴി തെറ്റിച്ചു. അങ്ങനെ തിരുസഭയെ ഇരുൾ നിറഞ്ഞതാക്കി.
 
എന്റെ പ്രിയസുതരേ, ഇന്ന് നിങ്ങൾ ഇതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നു. വാക്കാലും മാതൃകയാലും പോരാടുന്നതിന്, സത്യം എല്ലാവരാലും സ്വീകരിക്കപ്പെടുന്നതിനും ഈവിധം പ്രകാശത്താൽ  ആശയക്കുഴപ്പത്തിന്റെ അന്ധകാരം തോൽപ്പിക്കപ്പെടുന്നതിനും.

ഇതിനായി നിങ്ങൾ അക്ഷരാർത്ഥത്തിൽ എന്റെ പുത്രൻ യേശുവിന്റെ സുവിശേഷം ജീവിക്കണം. നിർമ്മലമായും ലളിതമായും ജീവിക്കുന്ന  സുവിശേഷമായിരിക്കണം നിങ്ങൾ. അനന്തരം നിങ്ങൾ ജീവിക്കുന്ന  സുവിശേഷം, ശക്തിയോടും ധൈര്യത്തോടും കൂടെ എല്ലാവരോടും പ്രഘോഷിക്കണം. നിങ്ങളുടെ വാക്കുകൾക്ക് നിങ്ങളിൽ നിറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയും നിങ്ങളുടെ സ്വർഗ്ഗീയ  മാതാവ് നിങ്ങൾക്കു പ്രദാനം ചെയ്ത വിജ്ഞാനത്തിന്റെ വെളിച്ചവും ഉണ്ടായിരിക്കും!

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ജോൺപോൾ രണ്ടാമൻ മാര്‍പ്പാപ്പ

 October 17, 1978  - ഫാദര്‍ ഗോബിക്കു ലഭിച്ച സന്ദേശം 
Pope John Paul II


"ഇന്നു നിങ്ങൾ പുതിയ മാർപ്പാപ്പായ്ക്കു വേണ്ടി പ്രാർത്ഥിച്ചു. എന്റെ വിമലഹൃദയം അദ്ദേഹത്തെ തിരുസഭയ്ക്ക് ദാനമായി യേശുവിൽ നിന്നും നേടി. ഞാൻ സവിശേഷമായി സ്നേഹിക്കുന്ന എന്റെ പ്രിയ പുത്രനാണദ്ദേഹം. എന്തെന്നാൽ, തന്റെ പൗരോഹിത്യത്തിന്റെ ആരംഭം മുതൽ അദ്ദേഹം എന്റെ വിമലഹൃദയത്തിന് ആത്മാർപ്പണം ചെയ്ത. 

പ്രാർത്ഥനയാലും സ്നേഹത്താലും വിശ്വസ്തതയാലും നിങ്ങൾ  അദ്ദേഹത്തെ സഹായിക്കണം. സഭയുടെ നന്മയ്ക്കു വേണ്ടി  അദ്ദേഹം തീരുമാനിക്കുന്നതെല്ലാം നിർവ്വഹിച്ചുകൊണ്ടു് നിങ്ങൾ അദ്ദേഹത്തെ അനുധാവനം ചെയ്യണം. ഇക്കാര്യത്തിൽ നിങ്ങൾ എല്ലാവർക്കും മാതൃകയാവണം.

             അദ്ദേഹത്തെ എതിർക്കുന്ന എന്റെ പാവപ്പെട്ട മക്കളെ വഞ്ചിച്ചുകൊണ്ടു്   എന്റെ ശത്രു   അദ്ദേഹത്തിന്റെ  നേർക്കു് കോപാവേശം  കൊള്ളുമ്പോൾ  നിങ്ങൾ  അദ്ദേഹത്തിനു പ്രതിരോധമേകണം.

എന്റെ പ്രിയസുതരേ, ദൈവപരിപാലന ഇന്നു നിങ്ങൾക്കായിത്തന്ന പരിശുദ്ധപിതാവിനോടു കൂടി ഞാൻ നിങ്ങളെ ആശീർവദിക്കുന്നു."
 

1979 January 1- ദൈവ മാതൃത്വത്തിരുനാള്‍
 
പ്രിയസുതരേ, പുതുവർഷാരംഭത്തിൽ ഞാൻ നിങ്ങളുടെ  സമീപത്തുണ്ട്. എന്റെ വിമലഹൃദയത്തിൽ വിശ്വാസമർപ്പിക്കുക.

         എന്റെ പ്രിയപുത്രിയായ തിരുസഭ ഇപ്പോൾ വലിയൊരു പരീക്ഷണത്തിൽ നിന്നും പുറത്തുവരികയാണ്. കാരണം, ഞാനും എന്റെ ശത്രുവും തമ്മിലുള്ള ഏറ്റുമുട്ടൽ സഭയുടെ മേൽത്തട്ടു വരെ എത്തിയിരിക്കുന്നു. സഭ സ്ഥാപിതമായിരിക്കുന്ന പാറയെ നശിപ്പിക്കുമോ എന്നു ഭയപ്പെടത്തക്ക വിധത്തിൽ സാത്താൻ അതിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ അതിൽനിന്ന് ഞാനവനെ തടഞ്ഞു.

                        പിശാച്, താൻ അതിക്രമിച്ചു വിജയം വരിച്ചുവെന്ന
മൂഢസങ്കൽപ്പത്തിലായിരിക്കുമ്പോൾത്തന്നെ, മാർപ്പാപ്പാമാരായ പോൾ  ആറാമന്റെയും   ജോൺപോൾ  ഒന്നാമന്റെയും ആത്മാർപ്പണത്തിനു ശേഷം സഭയ്ക്കു വേണ്ടി  ഞാൻ  ഒരുക്കി നിർത്തിയവനും രൂപം കൊടുത്തവനുമായ മാർപ്പാപ്പായെ (ജോൺപോൾ രണ്ടാമൻ) ദൈവത്തിൽ നിന്ന് ഞാൻ  നേടിയെടുത്തു.
 അദ്ദേഹത്തെ സ്നേഹിക്കുക; അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കുക; അദ്ദേഹത്തെ ശ്രവിക്കുക; എല്ലാറ്റിലും അദ്ദേഹത്തെ അനുസരിക്കുക.    എന്റെ ഹൃദയാഭിലാഷവും അദ്ദേഹത്തിന്‍റെ ഹിതവുമനുസരിച്ച്  വൈദികവേഷം ധരിക്കുന്നതില്‍പ്പോലും   അദ്ദേഹത്തെ അനുസരിക്കുക.
ദൈവത്തിന്റെ സുവിശേഷം നിങ്ങൾ സധൈര്യം പ്രചരിപ്പിക്കുക. സത്യത്തെ സംരക്ഷിക്കുക; സഭയെ സ്നേഹിക്കുക; പാപത്തെ വർജിക്കുന്നതിനും പ്രസാദവരത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നതിനും എല്ലാവരേയും സഹായിക്കുക.

പ്രാർത്ഥിക്കുക; സഹിക്കുക; പ്രായശ്ചിത്തം ചെയ്യുക...!

2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

സംശയങ്ങളും അമ്പരപ്പുകളും

1977 October 27 - മാതാവിന്റെ സന്ദേശം 


 പ്രിയ സുതരെ, എന്റെ ജോലിയെ തടസ്സപ്പെടുത്താന്‍ എന്റെ ശത്രു അവനാല്‍   കഴിവുള്ളതെല്ലാം   ചെയ്യുന്നുവെന്നത് നിങ്ങള്‍ വിസ്മരിക്കരുത്. 
          ഞാന്‍ സഭയില്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച്   സംശയങ്ങളും  അമ്പരപ്പുകളും   സൃഷ്ടിക്കുക   എന്ന ആയുധം പ്രയോഗിക്കാനാണ് അവന്‍ ഇഷ്ടപ്പെടുന്നത്. ഉറപ്പുള്ളവയും നീതീകരിക്കത്തക്കവയുമെന്നു തോന്നുന്ന കാരണങ്ങളില്‍ ഈ സംശയങ്ങള്‍  അധിഷ്ടിതമാക്കാന്‍ അവന്‍  ശ്രമിക്കുന്നു. ഇതുപോലെ ഞാന്‍ നിങ്ങളോട് പറയുന്നവയോടെല്ലാം, അവ നിങ്ങള്‍ സ്വീകരിക്കയും ഗ്രഹിക്കയും ചെയ്യുന്നതിനു മുന്‍പുതന്നെ, ഒരു വിമര്‍ശന മനോഭാവം അവന്‍ നിങ്ങളില്‍ നിവേശിപ്പിക്കുന്നു.

  പരിഷ്കൃതരും മിക്കപ്പോഴും ദൈവശാസ്ത്രത്തിൽ വിദഗദ്ധരും അദ്ധ്യാപകരുമായ നിങ്ങളുടെ സഹോദരങ്ങളിൽ ചിലർ, ഞാൻ നിങ്ങളോടു പറയുന്ന കാര്യങ്ങൾ തള്ളിക്കളയുന്നതായി നിങ്ങൾ കേൾക്കുന്നുണ്ട്.  പരിഷ്കാര സമ്പത്തു കൊണ്ടു നിറഞ്ഞിരിക്കുന്ന അവരുടെ മനസ്സ് എന്റെ വാക്കുകളെ അരിച്ചരിച്ച് സൂക്ഷ്മപരിശോധന നടത്തുന്നു. തന്മൂലം, എളിയവർക്കും ലളിതമാനസർക്കും വളരെ വ്യക്തമായ എന്റെ ചില പ്രസ്താവനകൾ സ്വീകരിക്കുന്നതിന് അവർക്കു വലിയ ബുദ്ധിമുട്ടനുഭവപ്പെടുന്നു.

ലളിതമാനസർക്കു മാത്രമേ എന്റെ വാക്കുകൾ ഗ്രഹിക്കുന്നതിനും സ്വീകരിക്കുന്നതിനും കഴിയുകയുള്ളൂ. അമ്മ മക്കളോടു സംസാരിക്കുമ്പോൾ അവർ അവളെ ശ്രവിക്കുന്നു. കാരണം അവർ അവളെ സ്നേഹിക്കുന്നു. അമ്മ എന്തു പറഞ്ഞാലും അവർ അനുസരിക്കുന്നു. അങ്ങനെ അവർ അറിവിലും ജീവനിലും വളരുന്നു.

അവളെ കേൾക്കുന്നതിനു മുമ്പുതന്നെ വിമർശിക്കുന്നവർക്ക് അവളുടെ മക്കളായിരിക്കാൻ സാദ്ധ്യമല്ല. വിദ്യാഭ്യാസത്തിൽ പുരോഗമിക്കുമെങ്കിലും ഇക്കൂട്ടർക്ക് വിജ്ഞാനത്തിലും ജീവിതത്തിലും വളരുക സാദ്ധ്യമല്ല."

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

വൈദികരേ, നിങ്ങള്‍ പരിശുദ്ധിയുള്ളവരായിരിക്കുവിൻ

മാതാവിന്റെ സന്ദേശം - 1977 February 11

           വത്സലസുതരേ, നിങ്ങൾ മനസ്സിലും ഹൃദയത്തിലും ശരീരത്തിലും നിർമ്മലരായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.

മനസ്സിന്റെ പരിശുദ്ധി

         ചിന്തയിൽ നിങ്ങൾ ദൈവതിരുമനസ്സു മാത്രം അന്വേഷിക്കുകയും   അതനുസരിച്ചു   മാത്രം
പ്രവർത്തിക്കുകയും ചെയ്യണം. സത്യത്തെ അസത്യം കൊണ്ടു മറയ്ക്കരുത്.
എന്റെ ശത്രു, മുൻകാലങ്ങളിലെന്നതിനേക്കാളധികമായി ഇന്ന് നിങ്ങളുടെ മനസ്സിന്റെ  ശുദ്ധതയെ മലിനമാക്കാൻ, അഹങ്കാരം വഴി  നിങ്ങളെ  വഴിതെറ്റിക്കാൻ  ശ്രമിക്കുന്നു.  അനന്തരം, സർവ്വത്ര പ്രചുരമായി  പ്രചരിപ്പിക്കപ്പെടുകയും മഹത്വീകരിക്കപ്പെടുകയും ചെയ്യുന്ന മലിനപ്രവൃത്തികളാലും ലൈംഗികപാപങ്ങളാലും അവൻ നിങ്ങളുടെ ചിന്തയുടെ ശുദ്ധിയെ മലിനമാക്കാൻ യത്നിക്കുന്നു.
             ഈ തിന്മയെ തടുക്കുവാൻ നിങ്ങളുടെ ശാരീരിക നേത്രങ്ങൾ അടച്ചുകളയുക. അപ്പോൾ എന്റെ പരമ നിർമ്മലമായ പ്രകാശത്തിനു വേണ്ടി നിങ്ങളുടെ ആത്മീയ നേത്രങ്ങൾ താനെ തുറക്കും.

ഹൃദയത്തിന്റെ പരിശുദ്ധി

നിങ്ങൾ ഹൃദയനൈർമ്മല്യം ഉള്ളവരായിരിക്കണം. കാരണം, അവർക്കു മാത്രമേ സ്നേഹിക്കാനുള്ള കഴിവുണ്ടാകൂ. നിങ്ങളുടെ സ്നേഹം പ്രകൃത്യാതീതവും ദിവ്യവുമായിരിക്കണം. നിങ്ങളോടോ ഏതെങ്കിലും സൃഷ്ടികളോടോ ഉള്ള അനാശ്യാസമായ ഏതു ഹൃദയപക്ഷവും നിങ്ങളുടെ ആന്തരിക നൈർമ്മല്യത്തെ കളങ്കപ്പെടുത്തുന്നു. ഹൃദയപരിശുദ്ധിയുള്ളവർക്കു മാത്രമേ ദൈവത്തെ കാണാനും അവിടുത്തെ പ്രകാശത്തിൽ എല്ലാ മനുഷ്യരേയും മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയുകയുള്ളൂ.

ശരീരത്തിന്റെ പരിശുദ്ധി

നിങ്ങളുടെ ബ്രഹ്മചര്യം നിങ്ങൾ ദൈവത്തിനു സമർപ്പിച്ചു. പ്രത്യേക അവബോധത്തോടെ നിങ്ങൾ  അഭ്യസിക്കേണ്ട ഒരു പുണ്യമാണിത്. ഇന്ന് കഷ്ടപ്പെട്ടു മാത്രമേ ഇത് അഭ്യസിക്കപ്പെടുന്നുള്ളൂ. കാരണം, അബദ്ധസിദ്ധാന്തങ്ങൾ നിരന്തരം, പൂർവ്വോപരി ശക്തമായി പ്രചരിപ്പിക്കപ്പെടുന്നു. തന്മൂലം നിങ്ങളുടെ യഥാർത്ഥ പ്രതിഷ്ഠയുടെ മൂല്യം കുറച്ചുകാണിക്കുന്ന പ്രവണത എങ്ങും വ്യാപിച്ചുവരുന്നു.

               എന്റെ പ്രിയപുത്രരിൽ എത്രപേർ പൗരോഹിത്യം  ഉപേക്ഷിച്ചു   പോയി!     ഇതിനു കാരണം, ബ്രഹ്മചര്യം ഇന്നും നിലനിർത്തണമെന്ന് പരിശുദ്ധപിതാവ് ആവശ്യപ്പെടുന്നതത്രേ.


ശേഷിച്ചവരിൽ വളരെപ്പേർ ബ്രഹ്മചര്യം പാലിക്കുന്നില്ല. ഇതിനു  കാരണങ്ങൾ പലതുമുണ്ട്. ഇത് ഇന്നത്തെ ജീവിതത്തിനു ചേർന്നതല്ലെന്ന് അവർ കരുതുന്നു; അല്ലെങ്കിൽ ഇതു  താൽക്കാലികമെന്ന് അവർ വിശ്വസിക്കുന്നു; അതുമല്ലെങ്കിൽ ഇത് നീതീകരിക്കത്തക്കതല്ലെന്നും തന്മൂലം അതു പാലിക്കേണ്ട കടമ തങ്ങൾക്കില്ലെന്നും അവർ വിചാരിക്കുന്നു.


ഈവിധം ഇന്ന് അശുദ്ധിയിൽ സ്ഥിരമായി ജീവിക്കുന്ന എന്റെ വൈദികസുതരുടെ എണ്ണം ഇന്ന്  എത്രയധികം!

പ്രിയസുതരേ, നിങ്ങൾ  വീണ്ടും തുടങ്ങുക. എന്റെ പുത്രൻ യേശുവിന്റെ ബ്രഹ്മചര്യവും അവന്റെ പീഡകളുടെ മുറിവുകളും നിങ്ങളുടെ ശരീരങ്ങളിൽ വഹിച്ചു ജീവിക്കുന്നതിനാരംഭിക്കുക. നിങ്ങളുടെ വൈദികശരീരം, ലോകത്തിനും അതിന്റെ പാപവശീകരണങ്ങൾക്കും ക്രൂശിക്കപ്പെട്ട ഒരു ശരീരമായിരിക്കട്ടെ.

വീണ്ടും;  ശരീരത്തിൽ ശുദ്ധത പാലിക്കുക; എന്തെന്നാൽ, അരൂപിയുടെ ഗുണവിശേഷങ്ങളോടു കൂടെ, ശുദ്ധീകരിക്കപ്പെട്ട് അത് ഒരിക്കൽ ഉയിർത്തെഴുന്നേൽക്കാനും ദൈവത്തിന്റെ പ്രകാശവും ജീവനും ആസ്വദിച്ചാനന്ദിക്കാനുമുള്ളതാണ്.
  വിശ്വാസം, ശരണം, സ്നേഹം എന്നീ പുണ്യങ്ങൾ അഭ്യസിക്കുന്നതിനു വേണ്ടി മനസ്സിലും ഹൃദയത്തിലും ശരീരത്തിലും ശുദ്ധതയുള്ളവരായിരിക്കാൻ ഇന്ന് നിങ്ങളുടെ അമലോത്ഭവയായ മാതാവ്  നിങ്ങളോടു്  അഭ്യർത്ഥിക്കുന്നു.

ഇങ്ങനെ, യേശുവായിരിക്കും നിങ്ങളിൽ വീണ്ടും ജീവിക്കുന്നതും നിങ്ങളെയും സഹോദരങ്ങളേയും രക്ഷിക്കുന്നതും."

2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

നിങ്ങളുടെ (വൈദികരുടെ) സാക്ഷ്യം വഹിക്കൽ

1976 July 3 ന് ലൂർദ്ദിൽ വച്ചു നൽകിയ സന്ദേശ

പ്രിയ സുതരേ, എന്റെ കൈകളിൽ കുറേക്കൂടി വിധേയത്വമുള്ളവരായി വർത്തിക്കുവിൻ. നിങ്ങളുടെ ആന്തരിക വിധേയത്വത്തെ ഓരോ നിമിഷവും നിങ്ങൾ എനിക്കർപ്പിച്ചാൽ നിങ്ങളുടെ ജീവിതം വാസ്തവത്തിൽ എന്റേതു മാത്രമായിരിക്കും.

അനുസരിക്കാത്തവരും വിപ്ളവത്തിലേർപ്പെട്ടിരിക്കുന്നവരും യാതൊരു വിധത്തിലുള്ള ശിക്ഷണത്തിനും വഴങ്ങാത്തവരുമായ എത്രയേറെ വൈദികരാണ് ഇന്നുള്ളത്! 


നിങ്ങളുടെ ആന്തരിക വിധേയത്വം,  തിരുസഭയുടെ നിയമങ്ങൾക്കും മാർഗ്ഗനിർദ്ദശങ്ങൾക്കും  പൂർണ്ണമായും വിധേയപ്പെടുന്നതിന് നിങ്ങളെ പ്രാപ്തരാക്കും.

വൈദികവേഷം

 നിർഭാഗ്യവശാൽ, ഏറ്റവും ചുമതലപ്പെട്ടവര്‍  വൈദികരാണ്. അവര്‍  ഏതെല്ലാം തരത്തിലുള്ള വേഷമാണ് അണിയുന്നതെന്ന് കാണുക! ചിലപ്പോൾ വിശ്വാസികൾക്കു തന്നെ ഉതപ്പും കാണുന്നവർക്ക് ഞെട്ടലുമുണ്ടാക്കുന്ന വിധത്തിലാണ് അവരുടെ വേഷവിധാനം. എന്നാൽ ഇപ്പോൾ സഭയിലുള്ള നിയമം, വൈദികർ വൈദികവേഷം ധരിക്കണമെന്നാണ്.
ഈ നിയമം ആരാണു പിന്തുടരുന്നത്? വളരെ ചുരുക്കം പേർ മാത്രം.....   ഇക്കാരണത്താൽ  അവർ പഴഞ്ചന്മാരെന്നു കരുതപ്പെടുന്നു.

വസ്ത്രധാരണത്തിന്റെ പ്രശ്നം ചെറിയൊരു ഉദാഹരണം മാത്രമാണ്. എന്നാലത് വലിയൊരു യാഥാർത്ഥ്യത്തെ ചൂണ്ടിക്കാണിക്കുന്നു. ശിക്ഷണരാഹിത്യം, അനുസരണയില്ലായ്മ, നിയമത്തോടുള്ള അസഹിഷ്ണുത തുടങ്ങിയവ വൈദികരുടെ ഇടയിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു.


എന്റെ വിമലഹ്യദയത്തിനു പ്രതിഷ്ഠിക്കപ്പെട്ട വൈദികരായ നിങ്ങളെങ്കിലും തിരുസഭയുടെ ശിക്ഷണനിയമങ്ങളോട് വിധേയത്വവും അനുസരണയും കാണിക്കുവിൻ. ഇന്നു നിങ്ങൾക്കു നൽകാവുന്ന ഏറ്റവും അടിയന്തിരവും ആവശ്യവുമായ സാക്ഷ്യം നൽകൽ ഇതത്രേ. എന്റെ പുത്രൻ യേശുവിന്റെ മാതൃകയും സൗരഭ്യവും നിങ്ങൾക്കു  പ്രചരിപ്പിക്കാൻ കഴിയുന്നത് ഈ വിധത്തിൽ മാത്രമാണ്."

വ്യക്തിപരമായ സാന്നിദ്ധ്യം

മാതാവിന്റെ  സന്ദേശം - 1975 ഒക്ടോബര്‍ 30
"തിരുസഭയുടെ മാതാവായ ഞാന്‍, അതില്‍ വ്യക്തിപരമായി സന്നിഹിതയായിരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയം ഇപ്പോള്‍ വന്നു കഴിഞ്ഞു.
   എന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട വൈദികരെ, നിങ്ങളിലൂടെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഇതും എന്റെ പദ്ധതിയുടെ ഭാഗമാണ്.

ആദി മുതൽ എന്റെ ശത്രുവായ ദുഷ്ടാരൂപി, ഇപ്പോൾ എന്റെ വൈദികരിൽ വളരെപ്പേരെ വഞ്ചിക്കുന്നു. അവൻ അവരുടെയിടയിൽ പ്രവർത്തിക്കുകയും എന്റെ പുത്രനും എനിക്കും സഭയ്ക്കുമെതിരേ അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്നു.
ഞാൻ നേരിട്ട് ഇടപെടാനും വിശ്വസ്തരായി നിൽക്കാൻ തീരുമാനിച്ചിരിക്കുന്ന വൈദികർ ഒന്നിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് അവരെ ഒരു സൈന്യമായി രൂപീകരിക്കുവാനും പോകുന്നു. ഞാനും, ആരുടെ തലയെ ഞാൻ അവസാനം തകർക്കുമോ ആ പുരാതനസർപ്പവുമായിട്ടായിരിക്കും സമരം നടക്കുക. 

ഈയവസരത്തിൽ ഞാൻ നിങ്ങളോടാവശ്യപ്പെടുന്നത് ഇതത്രേ: വിശ്വാസം, പ്രാർത്ഥന, സഹനം, നിശ്ശബ്ദത എന്നിവയോടു കൂടി എനിക്കു നിങ്ങൾ നൽകുന്ന പ്രത്യുത്തരം.

നിങ്ങളിലൂടെ അവസാനം ദൈവത്തിന്റെ 'വിനീതദാസി'ക്കു വിജയം കൈവരും."

ശുദ്ധീകരണത്തിന്റെ സമയം

1976 നവംബർ 20 ന് മാതാവ് നൽകിയ സന്ദേശം

"ഇന്ന് പാപമില്ലാത്ത സ്ഥലം ഏതുണ്ട്? ദൈവാരാധനയ്ക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഭവനങ്ങൾ പോലും അവിടങ്ങളിൽ ചെയ്യപ്പെടുന്ന പാപങ്ങളാൽ അശുദ്ധമാക്കപ്പെടുന്നു. സമർപ്പിതരായ ആളുകൾക്കാണ് - വൈദികർക്കും സന്യസ്തർക്കുമാണ് പാപബോധം നഷ്ടപ്പെട്ടിരിക്കുന്നത്. അവരിൽ ചിലർ തങ്ങളുടെ വിചാരത്താലും വാക്കുകളാലും ജീവിതരീതിയാലും പിശാചിനാൽ നയിക്കപ്പെടുന്നതിന് ദൈവനിന്ദയോടെ സമ്മതിച്ചു കൊടുക്കുന്നു.
അവർ പാപത്തിൽ അഴുകി നശിക്കുകയാണ്. അശുദ്ധിയാലും പണത്തോടുള്ള അത്യാർത്തിയാലും  അഹങ്കാരത്താലും അവർ വിഴുങ്ങപ്പെടുന്നു.
ഞാൻ നിങ്ങളോടു പറയുന്നു: ശുദ്ധീകരണത്തിന്റെ  സമയം ഇതാണ്. മറുതലിക്കുന്ന ഈ ലോകത്തെ അതിന്റെ രക്ഷയ്ക്കായി ദൈവം ശിക്ഷിക്കുന്ന സമയമാണിത്. സഭയുടെ
ഉള്ളിൽത്തന്നെ ശുദ്ധീകരണം ആരംഭിച്ചു കുഴിഞ്ഞു."

ഭാരപ്പെട്ട കുരിശ്


  1975 ജൂലൈ 9 ലെ  സന്ദേശം

 "എന്റെ  പാവപ്പെട്ട  അനേകം വൈദിക സുതരെ ഇതിനകം സാത്താന്‍  പൂർണ്ണമായി കൈവശപ്പെടുത്തിക്കഴിഞ്ഞു! എന്റെ പാവപ്പെട്ട മക്കൾ! എത്ര മനോവേദനയാണ് അവർ എനിക്കുണ്ടാക്കുന്നത്!

എന്റെ പുത്രന്റെ വൈദികർ! അവർ അവനിൽ വിശ്വസിക്കുന്നില്ല. അവനെ അവർതുടർച്ചയായി ഒറ്റിക്കൊടുക്കുന്നു. പ്രസാദവരം പ്രദാനം ചെയ്യുന്നതിനു വിളിക്കപ്പെട്ട വൈദികർ, ഇപ്പോൾ പാപത്തിൽ സ്ഥിരമായി ജീവിക്കുന്നു. രക്ഷയുടെ സുവിശേഷം പ്രഖ്യാപിക്കുന്നതിന് അയയ്ക്കപ്പെട്ട വൈദികർ അബദ്ധത്തിന്റെ പ്രചാരകരായിത്തീർന്നിരിക്കുന്നു! അനേകം ആത്മാക്കളെ അവർ നാശത്തിന്റെ പാതയിലേക്കു നയിക്കുന്നു.
വിനാശത്തിന്റെ അശുദ്ധലക്ഷണം ദൈവത്തിന്റെ ആലയത്തിൽ യഥാർത്ഥമായി പ്രവേശിച്ചിരിക്കുന്ന സമയം ഇതാണ്.
അവർ ഭൂമിയുടെ ഉപ്പല്ലാതായിത്തീർന്നിരിക്കുന്നു! ഉപ്പുരസം നഷ്ടപ്പെട്ടു് അഴുകി ദുർഗ്ഗന്ധം വമിക്കുന്ന ലവണം മാത്രമാണ് അവർ. എന്റെ ഈ വൈദിക സുതർ പിശാചിന്റെ ആധിപത്യത്തിന് അടിപ്പെട്ടു പോയിരിക്കുന്നു..

എന്റെ പ്രസ്ഥാനത്തിലെ വൈദികരേ, ഇവരെ രക്ഷിക്കാനായി അവർക്കുവേണ്ടി  പ്രാർത്ഥിക്കുക. മാർപ്പാപ്പയോടു കൂടെ, മെത്രാന്മാരോടു കൂടെ, വിശ്വസ്തരായ വൈദികരോടു കൂടെ ഉപവസിക്കുക.

ഇപ്പോൾ നിങ്ങൾ ചുമക്കുന്നതിന് യേശു ആവശ്യപ്പെടുന്ന കുരിശ് ഇതാണ്. വിശ്വാസം നഷ്ടപ്പെട്ടു പോയവരും ആദ്ധ്യാത്മികമായി മരിച്ചവരും സുവിശേഷത്തെ ഒറ്റിക്കൊടുക്കുന്നവരും അവിശ്വസ്ത ഭൃത്യന്മാരും അതേസമയം ഈ അവിശ്വസ്തതയുടെ സേവകരായി  തിരുസഭയിൽത്തന്നെ കഴിഞ്ഞു കൂടുന്നവരുമായ ഈ  വൈദിക  സഹോദരങ്ങളുടെ സമീപം അവരോടൊത്തു ജീവിക്കുക."

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

വൈദികരുടെ മരിയൻ പ്രസ്ഥാനം

  വൈദികരുടെ മരിയൻ പ്രസ്ഥാനം 


1972 May 8 ന്  ഫാദർ സ്റ്റെഫാനോ ഗോബി എന്ന ഇറ്റാലിയൻ വൈദികൻ ഒരു തീർത്ഥാടകനായി പ്രസിദ്ധ മരിയൻ  തീർത്ഥാടനകേന്ദ്രമായ ഫാത്തിമയിൽ എത്തി. (1917 May 13 ന് ലൂസി, ജസീന്ത, ഫ്രാൻസിസ് എന്നീ മൂന്നു് ഇടയക്കുട്ടികൾക്ക് മാതാവ് പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങൾ നൽകിയ സ്ഥലമാണ് പോർട്ടുഗലിലെ ഫാത്തിമ) ദൈവവിളി ഉപേക്ഷിച്ച് തിരുസഭ വിട്ടുപോകാൻ തയാറെടുക്കുന്ന ഏതാനും വൈദികർക്കു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിൽ പ്രത്യാശയർപ്പിക്കാൻ ഫാദർ ഗോബിയ്ക്ക് ഒരു
 ഉൾപ്രേരണയുണ്ടായി. അവിടം മുതൽ പരിശുദ്ധ മറിയം അതിശയകരമാംവിധം അദ്ദേഹത്തെ നയിച്ചുകൊണ്ടിരുന്നു. ആ വർഷം തന്നെ മൂന്നു വൈദികരുമായി  Marian Movement of Priests (MMP) എന്ന പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം  കുറിച്ചു.  വളരെപ്പെട്ടെന്നു തന്നെ ഈ പ്രസ്ഥാനം ലോകമെങ്ങും പടര്‍ന്നു പന്തലിച്ചു. 

സഭയുടെ പൂന്തോപ്പിൽ മാതാവ് നട്ട ഒരു ചെറിയ വിത്താണ് വൈദികരുടെ മരിയൻ പ്രസ്ഥാനം. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും പന്തലിച്ച ഒരു വലിയ വൃക്ഷമായി അതു വളർന്നു കഴിഞ്ഞു. 
വിശുദ്ധീകരണത്തിന്റെ വേദനിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ, വിശ്വാസത്തിലും പുത്രസഹജമായ പ്രത്യാശയിലും ജീവിക്കുന്നതിന് തന്റെ മക്കളെ സഹായിക്കുവാനുള്ള പരിശുദ്ധ മറിയത്തിന്റെ സ്നേഹപ്രവർത്തനമാണ് ഈ പ്രസ്ഥാനം.
 ഇതിന്റെ ആദ്ധ്യാത്മികത സവിശേഷതകൾ ഇവയാണ്:
1. മാതാവിന്റെ വിമലഹൃദയത്തിനു സമർപ്പണം.
2. പരിശുദ്ധപിതാവിനോടും സഭയോടുമുള്ള ഐക്യം.
3.വിശ്വാസികളെ മാതാവിന്റെ സംരക്ഷണത്തിലേക്ക് ആനയിക്കൽ.

ഈ പ്രസ്ഥാനത്തെ മാതാവു വഴിനടത്തുന്നത്  Interior Locutions (അന്തർഭാഷണം) എന്ന നിഗൂഢ പ്രതിഭാസം വഴി നൽകുന്ന സന്ദേശങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയുമാണ്‌.