2016, മാർച്ച് 8, ചൊവ്വാഴ്ച

സഭയും ദണ്ഡവിമോചനവും

                          
  പാപത്തിന്‍റെ കുറ്റവും അത് അർഹിക്കുന്ന നിത്യശിക്ഷയും കൗദാശിക പാപമോചനത്തിലൂടെ ഇളച്ചു കിട്ടുമെങ്കിലും ക്ഷമിക്കപ്പെട്ടുകഴിഞ്ഞ  പാപങ്ങൾക്കും    ദൈവനീതിയെ തൃപ്തിപ്പെടുത്തേണ്ടതിന്,  ജീവിതകാലത്തോ മരണശേഷമോ ഒരു ശിക്ഷ നാം അനുഭവിക്കേണ്ടതായിട്ടുണ്ട്. കുമ്പസാരത്തിൽ 
നമ്മുടെ പാപങ്ങൾ മോചിക്കപ്പെടുന്നു. എന്നാൽ,  പാപകടങ്ങൾ (കാലികശിക്ഷ) അവശേഷിക്കുന്നു. ഇതിന് നാം പരിഹാരം ചെയ്യണം. അതായത്, പാപത്തിനു രണ്ടു പരിണിതഫലങ്ങളാണ് ഉള്ളത്. പാപം ദൈവത്തോടുള്ള ബന്ധവും സൃഷ്ടികളോടുള്ള ബന്ധവും തകർക്കുന്നു. കുമ്പസാരിക്കുമ്പോൾ ദൈവവുമായുള്ള  ബന്ധം പുനസ്ഥാപിക്കപ്പെടുന്നു. അതിനാൽ , നിത്യശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നു. എന്നാൽ, ഓരോ പാപവും, ലഘുവായതു പോലും, സൃഷ്ടികളോടുള്ള ബന്ധം തകർക്കുന്നതിനാൽ അതുമൂലമുള്ള പാപകടങ്ങൾക്ക് നാം പരിഹാരം ചെയ്യണം. കൂടാതെ, പാപമോചനം ലഭിച്ചാലും പാപത്തിലേയ്ക്കുള്ള ചായ്‌വ് നില നിൽക്കുന്നതിനാൽ, വീണ്ടും പാപം ചെയ്യാതിരിക്കാൻ ശക്തി ലഭിക്കുന്നതിനും പരിഹാരം ആവശ്യമാണ്‌.
                                   ഈ പരിഹാരം ജീവിതകാലത്ത് നാം ചെയ്തില്ലെങ്കിൽ, മരണശേഷം ശുദ്ധീകരണസ്ഥലം എന്നുവിളിക്കപ്പെടുന്ന അവസ്ഥയിൽ നാം ശുദ്ധീകരിക്കപ്പെടേണ്ടിവരും.   ജീവിതകാലത്തുതന്നെ ഈ പരിഹാരം ചെയ്യുന്നതാണ് ഉത്തമം.
നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും സഹനങ്ങളും പ്രാർത്ഥനകളും ജീവിതകടമകളുടെ നിർവഹണവുമൊക്കെ നല്ല നിയോഗത്തോടെ ചെയ്യുന്നത് പരിഹാരമാണ്. പല വിശുദ്ധരും തങ്ങളുടെ ശരീരത്തെ പീഡിപ്പിച്ചുപോലും പരിഹാരം ചെയ്തിരുന്നു.
                   ഈ പരിഹാരം എളുപ്പമാക്കാൻ സഭ                  നമുക്കു നല്കുന്ന സഹായമാണ്  ദണ്ഡവിമോചനം.
 നമ്മുടെ പാപകടങ്ങൾക്ക്  പരിഹാരമായി സഭ ചില ചെറിയ പ്രാർഥനയോ (കൊന്ത, കുരിശിന്റെ വഴി തുടങ്ങിയവ) പരിഹാരപ്രവൃത്തിയോ ചെയ്യാൻ ആവശ്യപ്പെടുകയും അതു നാം ചെയ്യുമ്പോൾ ബാക്കി സഭ തന്നെ ഏറ്റെടുക്കുകയും ചെയ്യുന്നു. അതായത്, സഭയ്ക്ക് ഒരു വലിയ "ആത്മീയ നിക്ഷേപ"മുണ്ട്; ഈശോയുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും യോഗ്യതയാലും പരിശുദ്ധ അമ്മയുടേയും വിശുദ്ധരുടേയും പ്രാർത്ഥനയുടേയും സത്കർമ്മങ്ങളുടേയും യോഗ്യതയാലും സമ്പാദിച്ചതാണ് ഈ ആത്മീയ നിക്ഷേപം. ഇതിൽനിന്നും ഒരു ഓഹരി നല്കിക്കൊണ്ടാണ് സഭ, സഭാമക്കളുടെ പാപകടങ്ങൾ വീട്ടുന്നത്.
                                 ചുരുക്കത്തിൽ,   കുമ്പസാരത്തിൽ മോചിപ്പിക്കപ്പെട്ട  പാപങ്ങളുടെ  പാപകടങ്ങൾക്കുള്ള     പരിഹാരം എളുപ്പമാക്കുന്നതിന്  (ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ)  സഭ   നിർദേശിക്കുന്ന  ചെറിയ പ്രാർഥനയോ പരിഹാരപ്രവൃത്തിയോ ചെയ്യുമ്പോൾ,  സഭ തന്റെ ആത്മീയ ഭണ്ഡാരം തുറന്ന് അതിന്റെ ഓഹരി നല്കി, പാപകടങ്ങൾ വീട്ടിക്കൊണ്ട് സഭ വിശ്വാസിക്കു നല്കുന്ന താൽക്കാലിക ശിക്ഷയുടെ മോചനമാണ് ദണ്ഡവിമോചനം.

                      അതായത്, ക്രിസ്തുവിന്റെയും വിശുദ്ധരുടേയും അതിരറ്റ യോഗ്യതകൾ പരിഗണിച്ച് നമുക്ക് സഭ വഴി പാപകടങ്ങൾക്ക് ദൈവതിരുമുൻപാകെ (പൂർണ്ണമായോ ഭാഗികമായോ)  കിട്ടുന്ന ഇളവു ചെയ്യലാണ്  ദണ്ഡവിമോചനം. (തീക്ഷ്ണമായ സ്നേഹത്തിൽനിന്നു പുറപ്പെടുന്ന മാനസാന്തരത്തിന്, ഒരു ശിക്ഷയും അവശേഷിക്കാത്ത വിധം പാപിയുടെ സമ്പൂർണ്ണമായ ശുദ്ധീകരണം നേടാൻ കഴിയും.
പൂർണ്ണ ദണ്ഡവിമോചനം
   ഇതുവഴി പാപത്തിന്റെ കാലിക ശിക്ഷയിൽനിന്നും പൂർണ്ണമോചനം ലഭിക്കുന്നു.  പൂർണ്ണദണ്ഡവിമോചനം ലഭിച്ച ഉടനെ ഒരാൾ മരിച്ചാൽ ആ വ്യക്തി ശുദ്ധീകരണാവസ്ഥ കൂടാതെ സ്വർഗ്ഗത്തിലെത്തുന്നതാണ്.
      ഒരാൾക്ക്  ഒരുദിവസം ഒരു പ്രാവശ്യം മാത്രമേ  പൂർണ്ണദണ്ഡവിമോചനം സ്വീകരിക്കാനാവു.  എന്നാൽ മരണശയ്യയിൽ ആയിരിക്കുന്നവർക്ക് ഒന്നിൽക്കൂടുതൽ പ്രാവശ്യം പൂർണ്ണദണ്ഡവിമോചനം സ്വീകരിക്കാവുന്നതാണ്.
പൂർണ്ണദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള വ്യവസ്ഥകൾ
1. ദണ്ഡവിമോചനം പ്രാപിക്കണമെന്നുള്ള ഉദ്ദേശം (നിയോഗം) ഉണ്ടായിരിക്കണം.
2.  പ്രസാദവര അവസ്ഥയിലായിരിക്കണം. (കുമ്പസാരിച്ചു കുർബാന സ്വീകരിക്കണം)
3.  പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കായി 1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വസ്തുതി ചൊല്ലി കാഴ്ച വെയ്ക്കണം.
4.  ദണ്ഡവിമോചനം പ്രാപിക്കുന്നതിന് സഭ ആവശ്യപ്പെടുന്ന പ്രവൃത്തി ചെയ്യുക. (ആരാധന, ജപമാല ചൊല്ലൽ, ബൈബിൾ വായന തുടങ്ങിയവ)
5. ലഘുപാപങ്ങളിൽ നിന്നുപോലും വിടുതൽ ഉണ്ടായിരിക്കണം.

പൂർണ്ണദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ

1. a) ആരാധന  - പരിശുദ്ധ കുർബാനയുടെ മുൻപിൽ ഒരു മണിക്കൂർ ആരാധിക്കുക
 b)കുരിശിന്റെ വഴി  - പള്ളിയിൽ  നടത്തുക.  ഓരോ സ്ഥലത്തേക്കുമുള്ള യാത്ര (movement)  ഉണ്ടായിരിക്കണം
 c) ജപമാല - സമൂഹമായി ഉച്ചത്തിൽ ചൊല്ലുക.  (പള്ളി, കുടുംബം, പൊതുപ്രാർഥനാലയങ്ങൾ, ഭക്ത സംഘടനകൾ)
 d) വി.ഗ്രന്ഥ പാരായണം - അര മണിക്കൂർ നേരമെങ്കിലും വി.ഗ്രന്ഥം വായിക്കുക, ധ്യാനിക്കുക

2.  ഇടവക ദേവാലയ സന്ദർശനം

      a)  ഇടവക മദ്ധ്യസ്ഥന്റെ തിരുനാൾ ദിനവും പള്ളിയോ അൾത്താരയോ കൂദാശ ചെയ്യുന്ന ദിവസവും പള്ളി സന്ദർശിച്ചു പ്രാർഥിക്കുക.
      b)    ആഗസ്റ്റ്‌ 15 ന് (മാതാവിന്റെ സ്വർഗ്ഗാരോപണം) പള്ളി സന്ദർശിച്ചു ക്രമപ്രകാരമുള്ള ആരാധന നടത്തുക
        c)   രൂപതയിലെ മെത്രാൻ ഇടവകയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ദിവസം തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചു പ്രാർഥിക്കുക.
   d) പത്രോസ്  പൗലോസ്‌ ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിൽ വിശ്വാസപ്രമാണം ചൊല്ലുക.
 e) പൂർണ്ണദണ്ഡവിമോചനത്തോടു കൂടിയ  പേപ്പൽ ആശീർവാദം  നിശ്ചിത തിരുനാളുകളിൽ മെത്രാന്മാർ സ്വന്തം രൂപതയിൽ നടത്തുന്നത് സ്വീകരിക്കുക. 
       f)   പരിശുദ്ധ കുർബാനയുടെ തിരുനാൾ ദിവസം "ഭക്ത്യാ വണങ്ങുക"  എന്ന ഗീതം ആഘോഷമായി ആലപിക്കുക.
3. വിശേഷ ദിവസങ്ങളിൽ 
     a) നോമ്പു വെള്ളികളിൽ, വി. കുർബാന സ്വീകരിച്ച ശേഷം ക്രൂശിതരൂപത്തെ നോക്കി "നല്ലവനും എത്രയും മാധുര്യവാനുമായ ഈശോയെ" എന്ന ജപം ചൊല്ലുക. (മറ്റു ദിവസങ്ങളിൽ ഭാഗിക ദണ്ഡവിമോചനം)
b) ദുഃഖ വെള്ളി - ആരാധനാക്രമങ്ങളിൽ പങ്കെടുത്ത് ക്രൂശിതരൂപം ചുംബിക്കുമ്പോൾ.
 c) ദുഃഖശനി -  തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് ജ്ഞാനസ്നാനവ്രതം  നവീകരിക്കുമ്പോൾ,   സ്വന്തം ജ്ഞാനസ്നാനത്തിന്റെ വാർഷികദിനത്തിൽ  ജ്ഞാനസ്നാനവ്രതം നവീകരിക്കുമ്പോൾ.
d)   കരുണയുടെ തിരുനാളിൽ കുമ്പസാരിച്ചു കുർബാന സ്വീകരിക്കുമ്പോൾ. 

(കരുണയുടെ തിരുനാൾ  ദിവസം പൂർണ്ണദണ്ഡവിമോചനം പ്രാപിക്കുന്നതിന് സാധാരണയുള്ള മറ്റു വ്യവസ്ഥകൾ -  അതായത്, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കായുള്ള പ്രാർത്ഥനയോ, മറ്റു പ്രാർത്ഥനയോ ആരാധനയോ ബൈബിൾ വായനയോ ഒന്നും ആവശ്യമില്ല.  അന്നേദിവസം, പ്രസാദവരാവസ്ഥയിൽ   കുമ്പസാരിച്ചു കുർബാന സ്വീകരിക്കുന്നതു കൊണ്ടു മാത്രം പൂർണ്ണദണ്ഡവിമോചനം ലഭിക്കുനതാണ്. ഈശോ വി.ഫൗസ്റ്റീന വഴി നൽകിയ  ഒരു പ്രത്യേക വാഗ്ദാനമാണ് അത്.)

4.  പ്രത്യേക ദിനങ്ങൾ 

a)  തിരുഹൃദയത്തിരുനാൾ ദിവസം പ്രതിഷ്ഠയിൽ പങ്കെടുക്കുമ്പോൾ.

b)  രാജത്വത്തിരുനാൾ ദിവസം പ്രതിഷ്ഠാ ജപം ചൊല്ലുമ്പോൾ.
c). ജനുവരി ഒന്നിനും പെന്തക്കോസ്താ ദിനത്തിലും പരിശുദ്ധ റൂഹായുടെ ഗാനം ആലപിക്കുമ്പോൾ.
d)  വർഷാവസാനത്തിൽ "തെദേവും" (Te Deum - ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു എന്ന സ്തോത്രഗീതം)   ആലപിക്കുമ്പോൾ.

5. തിരുപ്പട്ടം, ജൂബിലി, ആദ്യകുർബാന സ്വീകരണം തുടങ്ങിയവ 


a) ആദ്യകുർബാന സ്വീകരിക്കുന്നവർക്കും അതിൽ പങ്കെടുക്കുന്നവർക്കും.

b) പുത്തൻ കുർബാന ചൊല്ലുന്ന വൈദികനും അതിൽ പങ്കു കൊള്ളുന്നവർക്കും.
c) തിരുപ്പട്ട സ്വീകരണത്തിന്റെ 25, 50, 60 മുതലായ ജൂബിലി അവസരങ്ങളിൽ കുർബാന ചൊല്ലുന്ന വൈദികനും അതിൽ പങ്കു കൊള്ളുന്നവർക്കും.
d) നവസന്യാസിനികൾ നൊവീഷ്യെറ്റിൽ പ്രവേശിക്കുമ്പോഴും ആദ്യവ്രതം, നിത്യവ്രതം,  വ്രതാനുഷ്ടാനത്തിന്റെ 25,50, 60,70 എന്നീ വർഷങ്ങളിലെ ജൂബിലിയ്ക്കും.
e) പൂർണ്ണദണ്ഡവിമോചനത്തോടു കൂടിയ മാർപ്പാപ്പയുടെ ആശീർവാദം സ്വീകരിക്കുക.  (മാർപ്പാപ്പാ "urbit et orbis"  ആശീർവാദം നൽകുമ്പോൾ മാധ്യമങ്ങൾ വഴി ദർശിക്കുകയൊ ശ്രവിക്കുകയോ ചെയ്തുകൊണ്ട് പൂർണ്ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്)
f)  മൂന്നുദിവസം മുഴുവൻ സമയധ്യാനത്തിൽ പങ്കെടുക്കുമ്പോൾ, വചനപ്രസംഗശുശ്രൂഷയിൽ പ്രധാന പ്രസംഗങ്ങൾ കേട്ട്, അതനുസരിച്ച് ജീവിക്കുവാൻ പ്രതിജ്ഞയെടുക്കുകയും അതിന്റെ സമാപനശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്യുമ്പോൾ.
g) ജൂബിലികളോട് അനുബന്ധിച്ച് പ്രത്യേക അവസരങ്ങളിലും സഭ ദണ്ഡവിമോചനം പ്രഖ്യാപിക്കാറു ണ്ട്.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ 2015, ഡിസംബർ 8 മുതൽ 2016 നവംബർ  20 വരെ കരുണയുടെ അസാധാരണ ജൂബിലി വർഷമായി  (Extraordinary  Jubilee Year of Mercy) പ്രഖ്യാപിച്ചിരിക്കയാണല്ലോ.  
  ദണ്ഡവിമോചനവ്യവസ്ഥകൾക്കു വിധേയമായി, അവരവരുടെ  രൂപതയിലോ, മറ്റെവിടെയെങ്കിലുമോ ഇതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന വിശുദ്ധവാതിൽ കടന്നുകൊണ്ട്  പൂർണ്ണ ദണ്ഡവിമോചനം  പ്രാപിക്കാവുന്നതാണ്.  

6. മരണസമയത്ത് 
      a) മരണസമയത്ത് അപ്പസ്തോലിക ആശീർവാദം സ്വീകരിക്കുക.  എന്നാൽ,അതിനുള്ള അവസരമില്ലെങ്കിൽ കുരിശുരൂപം മുത്തിക്കൊണ്ട് ആസന്നമരണന് ആ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. അതിന്, ജീവിതകാലത്ത് ഏതെങ്കിലും പ്രാർത്ഥന പതിവായി ചൊല്ലിയിരിക്കണം എന്ന വ്യവസ്ഥയുണ്ട്.  പൂർണ്ണ ദണ്ഡവിമോചനം  പ്രാപിക്കാൻ വേണ്ട സാധാരണ വ്യവസ്ഥകൾ ഈ അവസരത്തിൽ ബാധകമല്ല. അന്നേദിവസം ഒന്നിലധികം  ദണ്ഡവിമോചനം പ്രാപിക്കാവുന്നതുമാണ്.
b) നവംബർ 1 മുതൽ 8 വരെ സിമിത്തേരി സന്ദർശിച്ച് പ്രാർഥിക്കുക. ഓരോ ദിവസവും ഈ ദണ്ഡവിമോചനം ആത്മാക്കൾക്കായി കാഴ്ച വെയ്ക്കുക.
c) സകല മരിച്ചവരുടെയും ദിവസത്തിൽ (നവം. 2) പള്ളിയിലോ കപ്പേളയിലോ ഉള്ള തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുക. 1 സ്വർഗ്ഗ. 1 വിശ്വാസപ്രമാണം ചൊല്ലി മരിചവർക്കു വേണ്ടി പ്രാർഥിക്കുക.  ഈ ദണ്ഡവിമോചനം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കായി കാഴ്ച വെയ്ക്കുക.