2012, മാർച്ച് 31, ശനിയാഴ്‌ച

ദിവ്യകാരുണ്യനാഥനായ യേശു

      പരിശുദ്ധഅമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി (വൈദികർക്കു) നൽകുന്ന സന്ദേശം

                                             പരിശുദ്ധ കുർബാനയിലെ യേശു നിങ്ങളുടെ എല്ലാ പ്രാർത്ഥനകളുടേയും കേന്ദ്രബിന്ദുവായിരിക്കണം.  നിങ്ങളുടെ പ്രാർത്ഥനയാകട്ടെ, ആരാധനയുടേയും കൃതജ്ഞതയുടേയും സ്തുതിയുടേയും പ്രായശ്ചിത്തത്തിന്റെയും പ്രാർത്ഥനയായിരിക്കണം.
                    നിങ്ങൾ ദിവ്യകാരുണ്യനാഥനായ യേശുവിന്റെ പരിപൂർണ്ണ ആരാധകരും തീവ്രതയുള്ള ശുശ്രൂഷകരും ആകുവിൻ.    അവൻ   നിങ്ങളിലൂടെയാണല്ലോ   തന്റെ ദിവ്യസാന്നിദ്ധ്യം വീണ്ടും നിങ്ങൾക്കായി   നൽകുന്നതും    സ്വയം   ബലിയായി    അർപ്പിക്കുന്നതും     ആത്മാക്കൾക്കായി ആത്മാർപ്പണം ചെയ്യുന്നതും.
                                        ആരാധനയിലൂടെയും ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയും മഹത്തരമായ സ്നേഹത്തിലൂടെയും എല്ലാവരേയും യേശുവിന്റെ പക്കൽ കൊണ്ടു വരുവിൻ.
                    ദിവ്യകാരുണ്യനാഥനായ യേശുവിന്റെ പക്കൽ എല്ലാവരും യഥാർഹം അണയുന്നതിന് എല്ലാവരേയും      സഹായിക്കുവിൻ.      വിശ്വ്വാസികളിൽ       പാപത്തെക്കുറിച്ചുള്ള       ബോധം വരുത്തിക്കൊണ്ടും   വരപ്രസാദാവസ്ഥയിൽ    ദിവ്യകാരുണ്യ സ്വീകരണത്തിനു്   അണയുന്നതിന് അവരെ ക്ഷണിച്ചുകൊണ്ടും അടുത്തടുത്ത് കുമ്പസാരിക്കുന്നതിന് അവരെ അഭ്യസിപ്പിച്ചു കൊണ്ടും എല്ലാവരേയും യേശുവിന്റെ പക്കലേക്ക് കൊണ്ടു വരുവിൻ.
                              പ്രിയസുതരേ, ദൈവനിന്ദാകൃത്യങ്ങളുടെ പ്രവാഹത്തെ തടഞ്ഞു നിർത്താൻ അണ നിർമ്മിക്കുക. അയോഗ്യമായ ദിവ്യകാരുണ്യ സ്വീകരണം ഇക്കാലത്തേപ്പോലെ ഇത്ര കൂടുതലായി മുമ്പൊരിക്കലും നടന്നിട്ടില്ല.
                                                       ഭൂമിയിലെ എല്ലാ സക്രാരികളുടെയും ചുറ്റും നിങ്ങൾ സ്നേഹത്തിന്റെ കാവൽഭടന്മാരാകണമെന്ന് ഞാൻ അഭിലഷിക്കുന്നു.

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

കര്‍ത്താവിന്റെ സമര്‍പ്പണത്തിരുനാള്‍

                        ഫെബ്രുവരി 2 - കര്‍ത്താവിന്റെ സമര്‍പ്പണത്തിരുനാള്‍
(പരിശുദ്ധഅമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി നൽകുന്ന സന്ദേശം)

വത്സലസുതരേ,  എന്റെ ദൈവമാതൃത്വത്തിന്റെ സ്നേഹരഹസ്യം കണ്ടാലും! മാതാവെന്ന നിലയിൽ ഞാൻ എന്റെ ശിശുവിനെ പുരോഹിതന്റെ കരങ്ങളിൽ ഭരമേൽപ്പിക്കുന്നു.
സ്വഭവനത്തിന്റെ മഹിമയിൽ പ്രവേശിക്കുന്ന എന്റെ ദൈവത്തെ പുരോഹിതന്റെ കരങ്ങളിൽ ഞാൻ ആരാധിക്കുന്നു.
           നിയമത്തിന്റെ ഓരോ വ്യവസ്ഥയും നിർവ്വഹിക്കപ്പെടുന്നു. കാഴ്ചവയ്പ്, ബലിയർപ്പണം, വീണ്ടെടുപ്പ്.. ഒരു ശിശു പുരോഹിതന് ഏൽപ്പിക്കപ്പെടുന്നു. അദ്ദേഹത്തിനാകട്ടെ, ആ ശിശു അനേകരിൽ ഒരുവൻ മാത്രം..
                         എന്നാൽ ശിശുവിന്റെ ഹൃദയമുള്ള ഒരുവനു് പിതാവിന്റെ രഹസ്യം വെളിപ്പെടുത്തപ്പെടുന്നു. ജനക്കൂട്ടത്തിലെ ഒരു പാവപ്പെട്ട വൃദ്ധന്റെ മേൽ പരിശുദ്ധാത്മാവ് എഴുന്നെള്ളുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായെ, യഹൂദർ പ്രതീക്ഷിച്ചിരുന്ന രക്ഷകനെ സ്നേഹപൂർവം ആലിംഗനം ചെയ്യുന്നതിന് വൃദ്ധൻ തന്റെ കൈകൾ നീട്ടുന്നു.

എന്റെ ഭർത്താവായ ജോസഫും ഞാനും വിസ്മയത്തോടെ നോക്കിനിൽക്കുന്നു. ദിവ്യരഹസ്യം വെളിപ്പെടുത്തപ്പെടുന്നു... ഒരു മനുഷ്യസ്വരം അതിനെ പ്രഖ്യാപനം ചെയ്യുന്നു.

നിയമജ്ഞർക്കും പുരോഹിതർക്കും അതു വെളിപ്പെടുത്തപ്പെടുന്നില്ല.   വിനീതരും ആത്മനാ ദരിദ്രരുമായ ആളുകൾക്ക് - ഒരു വൃദ്ധനും ഒരു സ്ത്രീയ്ക്കും അത് അനാവരണം ചെയ്യപ്പെടുന്നു. ഇവിടെ ഭാവിയിലെ ഒരു സംവിധാനം മുൻകൂട്ടി അരങ്ങേറുകയത്രേ.  ഈ ശിശു അനേകരുടെ രക്ഷയ്ക്കും നാശത്തിനുമായി വൈരുദ്ധ്യത്തിന്റെ അടയാളമായിരിക്കും. അമ്മയായ എന്റെ ഹൃദയത്തെ ഒരു വാൾ ഭേദിക്കും...

അത്ഭുതകരമെന്നു പറയട്ടെ, അവൻ തന്റെ ദൗത്യനിർവഹണം ആരംഭിക്കുമ്പോൾ ഇതുതന്നെ ആവർത്തിക്കപ്പെടും.
                സിനഗോഗിൽ നിന്ന് അവൻ ബഹിഷ്കരിക്കപ്പെട്ടു. അവൻ പലായനം ചെയ്യേണ്ടി വന്നു. നിയമജ്ഞർ, പുരോഹിതർ തുടങ്ങിയ   വലിയവർ   അവന്റെ   സന്ദേശത്തെ   തിരസ്ക്കരിച്ചു.
ഈ ഔദ്യോഗിക തിരസ്ക്കരണം എന്റെ മാതൃഹൃദയത്തെ തുളയ്ക്കുന്നു..

എങ്കിലും പാവപ്പെട്ടവരും രോഗികളും പാപികളും യേശുവിനെ സ്വാഗതം ചെയ്യുന്നു. അവന്റെ  സ്വരം ലളിതമനസ്കരുടെ ഹൃദയങ്ങളിൽ എത്തിച്ചേരുന്നു. ഏറ്റവും ചെറിയവർ എന്റെ മകനു നൽകുന്ന  സ്വീകരണം എന്റെ മാതൃദുഃഖത്തെ തെല്ലു ശമിപ്പിക്കുന്നു.

പിതാവ് അവനു നൽകുന്ന ദാനമാണ് ചെറിയവർ...  സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കുന്ന ചെറിയവർ, അവൻ പിതാവിനു നൽകുന്ന നന്ദിപ്രകടനങ്ങളത്രേ.
                എന്റെ പ്രിയപുത്രന്മാരേ, നിങ്ങളെ എന്റെ കരങ്ങളിൽ കൊണ്ടു നടക്കുന്നതിന് നിങ്ങൾ കൊച്ചുകുഞ്ഞുങ്ങളാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.