2016, ജനുവരി 23, ശനിയാഴ്‌ച

ഒരു സാധകന്റെ സഞ്ചാരം - 1

                        (The Way of a Pilgrim എന്ന റഷ്യൻ കൃതിയിൽ നിന്ന്)



 വളരെക്കാലം ഞാൻ പലയിടങ്ങളിലും അലഞ്ഞുതിരിഞ്ഞു. അടുത്തെങ്ങും ഒരു ആദ്ധ്യാത്മികാചാര്യനെ, ഭക്തിയും അനുഭൂതിയുമുള്ള ഒരു മാർഗദർശിയെ, കണ്ടെത്താൻ കഴിയുകയില്ലേ എന്നുഞാൻ എല്ലായിടത്തും അന്വേഷിച്ചു. ഒരു ഗ്രാമത്തിൽ ഒരു മാന്യൻ വളരെക്കാലമായി പാർക്കുന്നുണ്ടെന്നും ആത്മാവിന്റെ രക്ഷ  തേടുന്നുണ്ടെന്നും ഒരു ദിവസം എനിക്ക് വിവരം കിട്ടി. അദ്ദേഹത്തിന്റെ വീട്ടിൽ ഒരു ആരാധനാമുറിയുണ്ട്.അദ്ദേഹം തന്റെ പറമ്പ് വിട്ട് പുറത്തെങ്ങും പോകാറില്ല. പ്രാർത്ഥനയിലും ഭക്തിപരമായ ഗ്രന്ഥങ്ങൾ വായിച്ചും കാലം കഴിച്ചുപോന്നു. ഇതുകേട്ട് ആ ഗ്രാമത്തിലേക്ക് ഞാൻ ഓടി; അതേ, നടക്കുകയല്ല, ഓടി. അവിടെച്ചെന്ന് അദ്ദേഹത്തെ കണ്ടുപിടിച്ചു.
"ഞാനെന്താണ് താങ്കൾക്കു ചെയ്യേണ്ടത് ?" അദ്ദേഹം ചോദിച്ചു.
          "അങ്ങ് ഒരു ഭക്തനും അനുഗൃ ഹീതനും ആണെന്നു ഞാൻ കേട്ടിട്ടുണ്ട്." ഞാൻ പറഞ്ഞു. "ദൈവതിരുനാമത്തിൽ ഞാൻ അപേക്ഷിക്കുന്നു, 'നിർത്താതെ പ്രാർഥിക്കുവിൻ' എന്ന അപ്പസ്തോലന്റെ ഉപദേശത്തിന്റെ അർത്ഥമെന്താണെന്ന് സദയം എനിക്കു വിശദമാക്കിത്തന്നാലും.. നിർത്താതെ പ്രാർഥിക്കാൻ സാധിക്കുന്നത് എങ്ങനെയാണ് ? എനിക്ക് അതറിയാൻ അതിയായ താത്പര്യമുണ്ട്; പക്ഷേ, അത് എനിക്ക് തീരെ മനസ്സിലാക്കാൻ കഴിയുന്നില്ല.."
തെല്ലിട അദ്ദേഹം ഒന്നും മിണ്ടാതിരുന്നു. എന്നെ സൂക്ഷിച്ചുനോക്കി; എന്നിട്ടുപറഞ്ഞു; "നിരന്തരമായ ആന്തരപ്രാർത്ഥന എന്നുവെച്ചാൽ മനുഷ്യാത്മാവിന്റെ ദൈവാഭിമുഖമായ ഇടവിടാതെയുള്ള വ്യാകുലതയാകുന്നു. ആശ്വാസദായകമായ ഈ സാധനയിൽ വിജയിക്കണമെങ്കിൽ, നിർത്താതെ പ്രാർഥിക്കാൻ പഠിപ്പിക്കണമെന്ന് നാം ദൈവത്തോട് കൂടെക്കൂടെ അപേക്ഷിക്കണം. കൂടുതൽ പ്രാർഥിക്കുക..  കൂടുതൽ ആവേശത്തോടെ പ്രാർഥിക്കുക. പ്രാർത്ഥന എങ്ങനെയാണ് അഭംഗുരം  നടത്തേണ്ടത് എന്നതു പഠിപ്പിക്കുന്നത്‌ പ്രാർത്ഥന തന്നെയാണ്. പക്ഷേ, അതു സാധിക്കാൻ കുറച്ചുകാലം പിടിക്കും.."
ഇത്രയും പറഞ്ഞ് അദ്ദേഹമെനിക്ക് ആഹാരം വരുത്തിത്തന്നു. യാത്രച്ചെലവിനു പണവും തന്നു. അങ്ങനെ എന്നെ വിട്ടയച്ചു.
അദ്ദേഹം ആ സംഗതി വിശദമാക്കിയില്ല.
ഞാൻ വീണ്ടും യാത്രയായി. പിന്നെയും പിന്നെയും ആലോചിച്ചു. വീണ്ടും വീണ്ടും വായിച്ചു. ഈ മനുഷ്യൻ എന്നോടുപറഞ്ഞതിനെക്കുറിച്ച് പലവട്ടം ഞാൻ ചിന്തിച്ചു.എന്നാൽ, എനിക്ക് അതിന്റെ അടിത്തട്ടിൽ എത്താനൊത്തില്ല.  പക്ഷേ, അതറിയാനുള്ള അത്യാകാംക്ഷ കൊണ്ട് എനിക്ക് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല..
ഞാൻ ഒരു 125 മൈലെങ്കിലും നടന്നു;  അവസാനം അന്തിയോടടുത്തപ്പോൾ ഒരു വയസ്സനെക്കണ്ടു...