2016, ജനുവരി 19, ചൊവ്വാഴ്ച

ഒരു സാധകന്റെ സഞ്ചാരം

                       (The Way of a Pilgrim എന്ന റഷ്യൻ കൃതിയിൽ നിന്ന്)

  ദൈവകാരുണ്യത്താൽ ഞാനൊരു ക്രിസ്ത്യാനിയാണ്. എന്റെ പ്രവൃത്തികൾ കൊണ്ട് ഞാനൊരു വലിയ പാപിയാകുന്നു. തീരെ താണനിലയിൽ പിറന്ന്, വീടുവെടിഞ്ഞ് നാടുതോറും അലഞ്ഞുനടക്കുകയാണ്  എന്റെ തൊഴിൽ. കുറച്ച് ഉണങ്ങിയ റൊട്ടിയിട്ട   പൊക്കണം, പുറത്തും പരിശുദ്ധ വേദപുസ്തകം മാറത്തെ കീശയിലും; ഇവയാണ് എന്റെ ലൗകിക സമ്പാദ്യങ്ങൾ.
                         പെന്തക്കോസ്തു പെരുന്നാൾ കഴിഞ്ഞുള്ള ഇരുപത്തിനാലാം ഞായറാഴ്ച ഞാൻ പള്ളിയിൽ കുർബാന കാണാൻ പോയി. വി. പൗലോസ്‌ തെസലോനിക്കാക്കാർക്ക് എഴുതിയ ഒന്നാമത്തെ ലേഖനമാണ് അന്നു വായിച്ചത്. മറ്റു വാക്കുകളുടെ കൂട്ടത്തിൽ ഞാനിതു കേട്ടു: "ഇടവിടാതെ പ്രാർഥിക്കുവിൻ." ഈ പാഠമാണ് മറ്റ് ഏതിനെക്കാളും കൂടുതലായി എന്റെ മനസ്സിൽ പതിഞ്ഞത്. നിർത്താതെ പ്രാർഥിക്കാൻ എങ്ങിനെയാണ് സാധിക്കുക എന്നുഞാൻ ആലോചിക്കാൻ തുടങ്ങി. എന്തെന്നാൽ, ഒരു മനുഷ്യന് ജീവിക്കാൻ വേണ്ടതു നേടുന്നതിന് വേറെ പലതിലും ഏർപ്പെടേണ്ടതായിട്ടുമുണ്ടല്ലോ.  ഞാൻ വേദപുസ്തകം തുറന്നുനോക്കി; സ്വന്തം കണ്ണുകൾ കൊണ്ടു നോക്കിവായിച്ചു; ഞാൻ കേട്ട അതേ വാക്കുകൾ, "ഇടവിടാതെ പ്രാർഥിക്കുവിൻ," (1തെസ.5;17)  "എല്ലാ സമയവും ആത്മാവിൽ പ്രാർഥനാനിരതരായിരിക്കുവിൻ" (എഫെ.6:18) "എല്ലായിടത്തും കരങ്ങൾ ഉയർത്തിക്കൊണ്ടു പ്രാർഥിക്കണം" (1 തിമോ. 2:8) എന്നിങ്ങനെ. ഞാൻ വീണ്ടും വീണ്ടും ആലോചിച്ചു; "പക്ഷേ, അതുകൊണ്ട് എന്താണ് മനസ്സിലാക്കേണ്ടത് എന്നൊന്നും പിടികിട്ടിയില്ല. ഞാനെന്താണ് വേണ്ടത് ? ഞാൻ ആലോചിച്ചു. അത് വെളിവാക്കിത്തരാൻ ഒരാളെ എനിക്കെവിടെക്കിട്ടും ?