2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

ശുദ്ധീകരണത്തിന്റെ അടയാളങ്ങൾ

1979  ജനുവരി 28 - ഫാദർ ഗോബിക്കു മാതാവു നൽകിയ സന്ദേശം
ആദ്യത്തെ അടയാളം : ആശയക്കുഴപ്പം

 
"പ്രിയസുതരേ, യേശു തന്റെ മണവാട്ടിയായ സഭയെ ചൈതന്യവൽക്കരിക്കുന്ന കാരുണ്യപ്രവൃത്തി ആരംഭിച്ചു കുഴിഞ്ഞു.

സഭയ്ക്കു് ശുദ്ധീകരണത്തിന്റ സമയമായിരിക്കുന്നു എന്നു കാണിക്കുന്ന പല അടയാളങ്ങളും നിങ്ങൾക്കു കാണാം. ഇവയിൽ ഒന്നാമത്തേത്, സഭയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പമാണ്.         ഇപ്പോഴീ  ആശയക്കുഴപ്പം  അതിന്റെ മൂർദ്ധന്യത്തിലെത്തിയിരിക്കുന്നു. അതിന്റെ ഫലമായി സഭയിൽ  വിശ്വാസസത്യം, ആരാധനാക്രമം, ശിക്ഷണം എന്നീ തലങ്ങളിൽ അട്ടിമറി നടക്കുന്നു.

 
എന്റെ പുത്രൻ വെളിപ്പെടുത്തിയവയും ദിവ്യവും അപ്രമാദവുമായ അധികാരത്താൽ സഭ ചിരസ്ഥായിയായി നിർവചിച്ച സത്യങ്ങളും ഇക്കൂട്ടത്തിൽ പെട്ടിട്ടുണ്ട്.   ഈ സത്യങ്ങൾ ദൈവമെന്ന സനാതനസത്യം പോലെ മാറ്റമില്ലാത്തവയാണ്. ഇവയിൽ  പലതും യഥാർത്ഥത്തിൽ അനിർവചനീയമായ രഹസ്യങ്ങളാണ്. മാനുഷികബുദ്ധി കൊണ്ടു് ഇവയെ ഗ്രഹിക്കാൻ സാദ്ധ്യവുമല്ല. സഭയുടെ ഔദ്യോഗിക പഠനം വഴി എല്ലാ മനുഷ്യർക്കുമായി ദൈവം വെളിപ്പെടുത്തിയ ഈ സത്യങ്ങൾ, ദൈവത്തിലുള്ള ദൃഢവിശ്വാസത്തോടും എളിമയോടും കൂടി മനുഷ്യർ അംഗീകരിക്കണം.


എന്നാലിപ്പോൾ എല്ലാക്കാര്യങ്ങളും, ദൈവരഹസ്യങ്ങൾ പോലും, അപഗ്രഥിക്കുന്നതിനും ഗ്രഹിക്കുന്നതിനും മനുഷ്യബുദ്ധിക്ക് ഗ്രാഹ്യമായ സത്യത്തിന്റെ അംശങ്ങൾ മാത്രം സ്വീകരിക്കുന്നതുമായ സ്ഥിതി സംജാതമായിട്ടുണ്ട്. ദൈവമെന്ന രഹസ്യം പോലും അനാവരണം ചെയ്യാമെന്നാണ് ചിലരുടെ ആശ! ബുദ്ധിയ്ക്കു ഗ്രഹിക്കാൻ  കഴിയാത്ത ഏതു സത്യവും അവർ തള്ളിക്കളയുന്നു. എല്ലാവർക്കും സ്വീകാര്യമാക്കുക എന്ന വ്യാജേന, എല്ലാ ആവിഷ്കൃത സത്യങ്ങളും നവീനവും യുക്ത്യാനുസാരവുമായ രീതിയിൽ ഉന്നയിക്കുന്നതിനുള്ള പ്രവണതയും കണ്ടുവരുന്നു.

ഇപ്രകാരം സത്യത്തിൽ മായം ചേർക്കപ്പെടുന്നു. അർത്ഥസത്യം ഏറ്റം അപകടകരമായ വിധത്തിൽ പ്രചരിപ്പിക്കപ്പെടുന്നു. കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനമായ സത്യങ്ങളെ തകിടംമറിക്കുന്നതിൽ ഇത് എത്തിച്ചേരുന്നു.

സത്യങ്ങൾ  വ്യക്തമായി നിരസിക്കപ്പെടുന്നില്ല. എന്നാൽ അവ വ്യത്യസ്ത അർത്ഥമുള്ളതായി ചിത്രീകരിക്കപ്പെടുകയും അങ്ങനെ അസത്യവുമായി കൂട്ടിക്കുഴച്ച് സഭയുടെ പ്രബോധനങ്ങളുടെ മാറ്റു കുറച്ചു കാണിക്കുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസംഗങ്ങളും വാദപ്രതിവാദങ്ങളും അവിരാമം തുടരുന്നു. ഫലമോ, വിശ്വാസം നഷ്ടപ്പെടുകയും അബദ്ധത്തിന്റെ അന്ധകാരം എങ്ങും വ്യാപിക്കുകയും ചെയ്യുന്നു.


 സഭയെന്നാൽ, യഥാർത്ഥത്തിൽ  നിങ്ങളുടെ ഇടയിൽ അദൃശ്യനായി ജീവിക്കുന്ന ക്രിസ്തുവാണ്.   ക്രിസ്തുവാണ് സത്യം. ആകയാൽ, സത്യം തന്നെയായ ക്രിസ്തുവിന്റെ പ്രകാശത്തിൽ സഭ സദാസമയം പ്രശോഭിക്കണം.

എന്നാൽ ഇക്കാലത്ത് സഭയുടെ ശത്രു വിജയം നേടിയിരിക്കുന്നു! സഭയുടെ ഉള്ളിലേക്കു് അന്ധകാരം കടത്തി വിടുന്നതിൽ അവൻ വിജയിച്ചിരിക്കുന്നു. പിശാചിന്റെ പുകയേറ്റ് സഭ കറുത്തിരുണ്ടു പോയി! പിശാച് ആദ്യമായി എന്റെ മക്കളിൽ (വൈദികരിൽ) അനേകരുടെ  ചിന്താശക്തിയിലും  വിചിന്തനങ്ങളിലും മങ്ങലേൽപ്പിച്ചു. വ്യാജസ്തുതിയിലൂടെയും അഹങ്കാരത്തിലൂടെയും അവരെ അവൻ വഴി തെറ്റിച്ചു. അങ്ങനെ തിരുസഭയെ ഇരുൾ നിറഞ്ഞതാക്കി.
 
എന്റെ പ്രിയസുതരേ, ഇന്ന് നിങ്ങൾ ഇതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നു. വാക്കാലും മാതൃകയാലും പോരാടുന്നതിന്, സത്യം എല്ലാവരാലും സ്വീകരിക്കപ്പെടുന്നതിനും ഈവിധം പ്രകാശത്താൽ  ആശയക്കുഴപ്പത്തിന്റെ അന്ധകാരം തോൽപ്പിക്കപ്പെടുന്നതിനും.

ഇതിനായി നിങ്ങൾ അക്ഷരാർത്ഥത്തിൽ എന്റെ പുത്രൻ യേശുവിന്റെ സുവിശേഷം ജീവിക്കണം. നിർമ്മലമായും ലളിതമായും ജീവിക്കുന്ന  സുവിശേഷമായിരിക്കണം നിങ്ങൾ. അനന്തരം നിങ്ങൾ ജീവിക്കുന്ന  സുവിശേഷം, ശക്തിയോടും ധൈര്യത്തോടും കൂടെ എല്ലാവരോടും പ്രഘോഷിക്കണം. നിങ്ങളുടെ വാക്കുകൾക്ക് നിങ്ങളിൽ നിറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയും നിങ്ങളുടെ സ്വർഗ്ഗീയ  മാതാവ് നിങ്ങൾക്കു പ്രദാനം ചെയ്ത വിജ്ഞാനത്തിന്റെ വെളിച്ചവും ഉണ്ടായിരിക്കും!