2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

വൈദികരേ, നിങ്ങള്‍ പരിശുദ്ധിയുള്ളവരായിരിക്കുവിൻ

മാതാവിന്റെ സന്ദേശം - 1977 February 11

           വത്സലസുതരേ, നിങ്ങൾ മനസ്സിലും ഹൃദയത്തിലും ശരീരത്തിലും നിർമ്മലരായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.

മനസ്സിന്റെ പരിശുദ്ധി

         ചിന്തയിൽ നിങ്ങൾ ദൈവതിരുമനസ്സു മാത്രം അന്വേഷിക്കുകയും   അതനുസരിച്ചു   മാത്രം
പ്രവർത്തിക്കുകയും ചെയ്യണം. സത്യത്തെ അസത്യം കൊണ്ടു മറയ്ക്കരുത്.
എന്റെ ശത്രു, മുൻകാലങ്ങളിലെന്നതിനേക്കാളധികമായി ഇന്ന് നിങ്ങളുടെ മനസ്സിന്റെ  ശുദ്ധതയെ മലിനമാക്കാൻ, അഹങ്കാരം വഴി  നിങ്ങളെ  വഴിതെറ്റിക്കാൻ  ശ്രമിക്കുന്നു.  അനന്തരം, സർവ്വത്ര പ്രചുരമായി  പ്രചരിപ്പിക്കപ്പെടുകയും മഹത്വീകരിക്കപ്പെടുകയും ചെയ്യുന്ന മലിനപ്രവൃത്തികളാലും ലൈംഗികപാപങ്ങളാലും അവൻ നിങ്ങളുടെ ചിന്തയുടെ ശുദ്ധിയെ മലിനമാക്കാൻ യത്നിക്കുന്നു.
             ഈ തിന്മയെ തടുക്കുവാൻ നിങ്ങളുടെ ശാരീരിക നേത്രങ്ങൾ അടച്ചുകളയുക. അപ്പോൾ എന്റെ പരമ നിർമ്മലമായ പ്രകാശത്തിനു വേണ്ടി നിങ്ങളുടെ ആത്മീയ നേത്രങ്ങൾ താനെ തുറക്കും.

ഹൃദയത്തിന്റെ പരിശുദ്ധി

നിങ്ങൾ ഹൃദയനൈർമ്മല്യം ഉള്ളവരായിരിക്കണം. കാരണം, അവർക്കു മാത്രമേ സ്നേഹിക്കാനുള്ള കഴിവുണ്ടാകൂ. നിങ്ങളുടെ സ്നേഹം പ്രകൃത്യാതീതവും ദിവ്യവുമായിരിക്കണം. നിങ്ങളോടോ ഏതെങ്കിലും സൃഷ്ടികളോടോ ഉള്ള അനാശ്യാസമായ ഏതു ഹൃദയപക്ഷവും നിങ്ങളുടെ ആന്തരിക നൈർമ്മല്യത്തെ കളങ്കപ്പെടുത്തുന്നു. ഹൃദയപരിശുദ്ധിയുള്ളവർക്കു മാത്രമേ ദൈവത്തെ കാണാനും അവിടുത്തെ പ്രകാശത്തിൽ എല്ലാ മനുഷ്യരേയും മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയുകയുള്ളൂ.

ശരീരത്തിന്റെ പരിശുദ്ധി

നിങ്ങളുടെ ബ്രഹ്മചര്യം നിങ്ങൾ ദൈവത്തിനു സമർപ്പിച്ചു. പ്രത്യേക അവബോധത്തോടെ നിങ്ങൾ  അഭ്യസിക്കേണ്ട ഒരു പുണ്യമാണിത്. ഇന്ന് കഷ്ടപ്പെട്ടു മാത്രമേ ഇത് അഭ്യസിക്കപ്പെടുന്നുള്ളൂ. കാരണം, അബദ്ധസിദ്ധാന്തങ്ങൾ നിരന്തരം, പൂർവ്വോപരി ശക്തമായി പ്രചരിപ്പിക്കപ്പെടുന്നു. തന്മൂലം നിങ്ങളുടെ യഥാർത്ഥ പ്രതിഷ്ഠയുടെ മൂല്യം കുറച്ചുകാണിക്കുന്ന പ്രവണത എങ്ങും വ്യാപിച്ചുവരുന്നു.

               എന്റെ പ്രിയപുത്രരിൽ എത്രപേർ പൗരോഹിത്യം  ഉപേക്ഷിച്ചു   പോയി!     ഇതിനു കാരണം, ബ്രഹ്മചര്യം ഇന്നും നിലനിർത്തണമെന്ന് പരിശുദ്ധപിതാവ് ആവശ്യപ്പെടുന്നതത്രേ.


ശേഷിച്ചവരിൽ വളരെപ്പേർ ബ്രഹ്മചര്യം പാലിക്കുന്നില്ല. ഇതിനു  കാരണങ്ങൾ പലതുമുണ്ട്. ഇത് ഇന്നത്തെ ജീവിതത്തിനു ചേർന്നതല്ലെന്ന് അവർ കരുതുന്നു; അല്ലെങ്കിൽ ഇതു  താൽക്കാലികമെന്ന് അവർ വിശ്വസിക്കുന്നു; അതുമല്ലെങ്കിൽ ഇത് നീതീകരിക്കത്തക്കതല്ലെന്നും തന്മൂലം അതു പാലിക്കേണ്ട കടമ തങ്ങൾക്കില്ലെന്നും അവർ വിചാരിക്കുന്നു.


ഈവിധം ഇന്ന് അശുദ്ധിയിൽ സ്ഥിരമായി ജീവിക്കുന്ന എന്റെ വൈദികസുതരുടെ എണ്ണം ഇന്ന്  എത്രയധികം!

പ്രിയസുതരേ, നിങ്ങൾ  വീണ്ടും തുടങ്ങുക. എന്റെ പുത്രൻ യേശുവിന്റെ ബ്രഹ്മചര്യവും അവന്റെ പീഡകളുടെ മുറിവുകളും നിങ്ങളുടെ ശരീരങ്ങളിൽ വഹിച്ചു ജീവിക്കുന്നതിനാരംഭിക്കുക. നിങ്ങളുടെ വൈദികശരീരം, ലോകത്തിനും അതിന്റെ പാപവശീകരണങ്ങൾക്കും ക്രൂശിക്കപ്പെട്ട ഒരു ശരീരമായിരിക്കട്ടെ.

വീണ്ടും;  ശരീരത്തിൽ ശുദ്ധത പാലിക്കുക; എന്തെന്നാൽ, അരൂപിയുടെ ഗുണവിശേഷങ്ങളോടു കൂടെ, ശുദ്ധീകരിക്കപ്പെട്ട് അത് ഒരിക്കൽ ഉയിർത്തെഴുന്നേൽക്കാനും ദൈവത്തിന്റെ പ്രകാശവും ജീവനും ആസ്വദിച്ചാനന്ദിക്കാനുമുള്ളതാണ്.
  വിശ്വാസം, ശരണം, സ്നേഹം എന്നീ പുണ്യങ്ങൾ അഭ്യസിക്കുന്നതിനു വേണ്ടി മനസ്സിലും ഹൃദയത്തിലും ശരീരത്തിലും ശുദ്ധതയുള്ളവരായിരിക്കാൻ ഇന്ന് നിങ്ങളുടെ അമലോത്ഭവയായ മാതാവ്  നിങ്ങളോടു്  അഭ്യർത്ഥിക്കുന്നു.

ഇങ്ങനെ, യേശുവായിരിക്കും നിങ്ങളിൽ വീണ്ടും ജീവിക്കുന്നതും നിങ്ങളെയും സഹോദരങ്ങളേയും രക്ഷിക്കുന്നതും."