2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

രണ്ടാമത്തെ അടയാളം - അച്ചടക്കരാഹിത്യം


1979 February 2 - (ഉണ്ണിയേശുവിന്റെ സമർപ്പണത്തിരുനാൾ)

പ്രിയസുതരേ, എന്റെ കൈകളിൽ നിങ്ങൾ ഇനിയും ചെറിയവരാകാൻ ഞാൻ  അഭ്യർത്ഥിക്കുന്നത്, വിധേയത്വത്തിലൂടെയും ദൈവതിരുമനസ്സിനോടുള്ള പൂർണ്ണമായ അനുസരണത്തിലൂടെയും നിങ്ങളെ ഉണ്ണിയേശുവിനോട് അനുരൂപപ്പെടുത്താനത്രേ.
 
ഇന്ന് ദൈവത്തിന്റെ തിരുമനസ്സിനോട് വിധേയത്വമില്ലാതെ ജീവിക്കുന്ന എന്റെ അനേകം വൈദികരെ കാണുമ്പോൾ എന്റെ ഹൃദയത്തിന് മുറിവേൽക്കുകയാണ്. തങ്ങളുടെ വൈദികാവസ്ഥയുടെ നിയമങ്ങൾ അവർ അനുസരിക്കുന്നില്ല. മിക്കപ്പോഴും പ്രസ്തുത നിയമങ്ങളെ അവർ പരസ്യമായിത്തന്നെ ലംഘിക്കുന്നു. ഇപ്രകാരം അച്ചടക്കരാഹിത്യം സഭയിലെങ്ങും വ്യാപിക്കുന്നു. പുരോഹിതരുടെ ഇടയിലെ ഈ ശിക്ഷണരാഹിത്യമാണ് രണ്ടാമത്തെ അടയാളം. തിരുസഭ അവളുടെ ശുദ്ധീകരണകർമ്മത്തിന്റെ അവസാന സമയത്ത് എത്തിക്കഴിഞ്ഞിരിക്കയാണെന്ന് ഈ അടയാളം സൂചിപ്പിക്കുന്നു.

അച്ചടക്കരാഹിത്യം ഒട്ടേറെ ദുഷ്ഫലങ്ങൾ ഉളവാക്കുന്നു. ദൈവതിരുമനസ്സിനോട് മനസ്സിൽ വിധേയത്വം ഇല്ലാതിരിക്കുക, സ്വന്തം ജീവിതാവസ്ഥ ആവശ്യപ്പെടുന്ന കർത്തവ്യങ്ങൾ നിറവേറ്റുന്നതിലുള്ള ഉപേക്ഷ തുടങ്ങിയവയെല്ലാം അച്ചടക്കമുള്ള ജീവിതം നയിക്കാത്തതിന്റെ അനന്തരഫലങ്ങളാണ്. അമിതമായ പ്രവർത്തനങ്ങളിൽ മുഴുകിയും പ്രാർത്ഥന ഉപേക്ഷിച്ചും കഴിയുന്ന വൈദികർ എത്രയധികം!!   അവർ പതിവായി യാമപ്രാർത്ഥനകളും മൗനപ്രാർത്ഥനയും ഉപേക്ഷിക്കുന്നു. അവരുടെ പ്രാർത്ഥന, ധൃതിപ്പെട്ട് അർപ്പിക്കുന്ന ഒരു ദിവ്യബലിയിൽ ഒതുങ്ങുന്നു.


വൈദിക ജീവിതത്തെ നിയന്ത്രിക്കുന്ന കാനോനിക നിയമത്തിനെതിരേയുള്ള വർദ്ധിച്ചുവരുന്ന എതിർപ്പു് അച്ചടക്കരാഹിത്യത്തിൽ നിന്നാണു പുറപ്പടുന്നത്. വിശുദ്ധമായ ബ്രഹ്മചര്യത്തിന്റെ കർത്തവ്യങ്ങൾക്കെതിരേ തുടരെത്തുടരെ എതിർപ്പു് ഉന്നയിക്കപ്പെടുന്നു. ഈ ബ്രഹ്മചര്യം യേശു  ആഗ്രഹിച്ചതും തിരുസഭ നിശ്ചയിച്ചതും ഈയിടയ്ക്ക് മാർപ്പാപ്പ ശക്തമായി വീണ്ടും ഊന്നിപ്പറഞ്ഞതുമത്രേ.


ആരാധനാക്രമത്തിന്റെയും സഭാജീവിതത്തിന്റെയും നിയന്ത്രണത്തിനായി സഭ നിശ്ചയിച്ചു
നൽകിയിട്ടുള്ള നിയമങ്ങൾ അനായാസം അവഗണിക്കുന്നതിനുള്ള കാരണവും അച്ചടക്കരാഹിത്യം തന്നെ. ഇന്ന് ഓരോരുത്തരും സ്വന്തം അഭിരുചികളും തെരഞ്ഞെടുപ്പുമനുസരിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്നു.  വൈദികർ വൈദിക വസ്ത്രം ധരിക്കണമെന്നതുപോലുള്ള നിയമങ്ങൾ എത്ര ദുർമാതൃകാപരമായാണ് ലംഘിക്കപ്പെടുന്നത്!   കഷ്ടം!! അജപാലകരുടെ ദുർമാതൃക സഭയുടെ എല്ലാ തലങ്ങളിലുമുള്ള ശിക്ഷണരാഹിത്യത്തെ വർദ്ധിപ്പിക്കുന്നു.

എന്റെ പ്രിയസുതരേ, നിങ്ങളെന്താണു ചെയ്യേണ്ടത്?

വെറും പിഞ്ചു കഞ്ഞുങ്ങളെയെന്ന പോലെ ഞാൻ നിങ്ങളെ വഹിച്ചുകൊണ്ടു പോകുന്നതിന് നിങ്ങൾ എന്നെ അനുവദിക്കുക. അപ്പോൾ ഞാൻ നിങ്ങളെ പിതാവിന്റെ തിരുച്ചിത്തത്തോട് പൂർണ്ണമായും വിധേയത്വമുള്ളവരാക്കാം. ഇപ്രകാരം, സഭാനിയമങ്ങളോടുള്ള പൂർണ്ണമായ അനുസരണത്തിന്റെ ഉത്തമ മാതൃക നിങ്ങൾ മറ്റുള്ളവർക്കു നൽകും."