2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

വൈദികരുടെ മരിയൻ പ്രസ്ഥാനം

  വൈദികരുടെ മരിയൻ പ്രസ്ഥാനം 


1972 May 8 ന്  ഫാദർ സ്റ്റെഫാനോ ഗോബി എന്ന ഇറ്റാലിയൻ വൈദികൻ ഒരു തീർത്ഥാടകനായി പ്രസിദ്ധ മരിയൻ  തീർത്ഥാടനകേന്ദ്രമായ ഫാത്തിമയിൽ എത്തി. (1917 May 13 ന് ലൂസി, ജസീന്ത, ഫ്രാൻസിസ് എന്നീ മൂന്നു് ഇടയക്കുട്ടികൾക്ക് മാതാവ് പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങൾ നൽകിയ സ്ഥലമാണ് പോർട്ടുഗലിലെ ഫാത്തിമ) ദൈവവിളി ഉപേക്ഷിച്ച് തിരുസഭ വിട്ടുപോകാൻ തയാറെടുക്കുന്ന ഏതാനും വൈദികർക്കു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിൽ പ്രത്യാശയർപ്പിക്കാൻ ഫാദർ ഗോബിയ്ക്ക് ഒരു
 ഉൾപ്രേരണയുണ്ടായി. അവിടം മുതൽ പരിശുദ്ധ മറിയം അതിശയകരമാംവിധം അദ്ദേഹത്തെ നയിച്ചുകൊണ്ടിരുന്നു. ആ വർഷം തന്നെ മൂന്നു വൈദികരുമായി  Marian Movement of Priests (MMP) എന്ന പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം  കുറിച്ചു.  വളരെപ്പെട്ടെന്നു തന്നെ ഈ പ്രസ്ഥാനം ലോകമെങ്ങും പടര്‍ന്നു പന്തലിച്ചു. 

സഭയുടെ പൂന്തോപ്പിൽ മാതാവ് നട്ട ഒരു ചെറിയ വിത്താണ് വൈദികരുടെ മരിയൻ പ്രസ്ഥാനം. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും പന്തലിച്ച ഒരു വലിയ വൃക്ഷമായി അതു വളർന്നു കഴിഞ്ഞു. 
വിശുദ്ധീകരണത്തിന്റെ വേദനിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ, വിശ്വാസത്തിലും പുത്രസഹജമായ പ്രത്യാശയിലും ജീവിക്കുന്നതിന് തന്റെ മക്കളെ സഹായിക്കുവാനുള്ള പരിശുദ്ധ മറിയത്തിന്റെ സ്നേഹപ്രവർത്തനമാണ് ഈ പ്രസ്ഥാനം.
 ഇതിന്റെ ആദ്ധ്യാത്മികത സവിശേഷതകൾ ഇവയാണ്:
1. മാതാവിന്റെ വിമലഹൃദയത്തിനു സമർപ്പണം.
2. പരിശുദ്ധപിതാവിനോടും സഭയോടുമുള്ള ഐക്യം.
3.വിശ്വാസികളെ മാതാവിന്റെ സംരക്ഷണത്തിലേക്ക് ആനയിക്കൽ.

ഈ പ്രസ്ഥാനത്തെ മാതാവു വഴിനടത്തുന്നത്  Interior Locutions (അന്തർഭാഷണം) എന്ന നിഗൂഢ പ്രതിഭാസം വഴി നൽകുന്ന സന്ദേശങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയുമാണ്‌.