2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

മൂന്നാമത്തെ അടയാളം - ഭിന്നത

1979 February 11 -  ലൂർദ് ദർശനത്തിന്റെ വാർഷികം
(മാതാവിന്റെ സന്ദേശം - ഫാദര്‍ ഗോബിക്കു ലഭിച്ചത്)

"പ്രിയസുതരേ, ഈശോ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിച്ചാൽ നിങ്ങൾ യഥാർത്ഥത്തിൽ ഐക്യമുള്ളവരായിത്തീരും. ഐക്യമാണ് സ്നേഹത്തിന്റെ പൂർണ്ണത.

ഇന്ന് തിരുസഭയ്ക്കുള്ളിലുള്ള പിളർപ്പുകൾ കാണുമ്പോൾ എന്റെ വിമലഹൃദയം ഭയന്നു വിറയ്ക്കുകയും അപാരമായ ദുഃഖത്തിലാണ്ടു പോകയും ചെയ്യുന്നു.

സഭയ്ക്കുള്ളിൽ കടന്നുകൂടിയിരിക്കുന്ന ഈ പിളർപ്പുകൾ, അവളുടെ വേദനാജനകമായ ശുദ്ധീകരണത്തിന്റെ അന്ത്യനിമിഷത്തിലേക്ക് അവൾ എത്തിയിരിക്കുന്നു എന്നതിന്റെ മൂന്നാമത്തെ അടയാളമത്രേ.

നൂറ്റാണ്ടുകളിലൂടെ കടന്നപ്പോൾ സഭ പലപ്രാവശ്യം ഭിന്നിപ്പുകളാൽ പിളർക്കപ്പെടുകയും അത് എന്റെ മക്കളിൽ അനേകരെ അവളിൽ നിന്ന് വേർപെടുത്തുകയും ചെയ്തു. എന്നിട്ടും അവളുടെ ആന്തരിക ഐക്യമെന്ന സവിശേഷമായ അനുഗ്രഹം ഞാൻ ഈശോയിൽ നിന്നു നേടിയിട്ടുണ്ട്.

എന്നാൽ ഇക്കാലത്ത് എന്റെ ശത്രു, സഭയുടെ ഈ ദിവ്യഐക്യത്തിന്റെ കാന്തിയെപ്പോലും അവന്റെ പുക കൊണ്ട് അന്ധകാരമയമാക്കുന്നതിൽ വിജയിച്ചിരിക്കുന്നു.
 
ഈ ആന്തരിക ഭിന്നത,  സത്യത്തെ പിന്താങ്ങുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള പരിശ്രമത്തിൽ പലപ്പോഴും പരസ്പരം എതിരിടുന്ന വിശ്വാസികളുടെ ഇടയിൽപ്പോലും  ദൃശ്യമാകുന്നു. അങ്ങനെ അവർ പോലും സത്യത്തെ ഒറ്റിക്കൊടുക്കുന്നു.

ഈ ആന്തരിക ഭിന്നത, പലപ്പോഴും വൈദികർ വൈദികർക്കെതിരായും മെത്രാന്മാർ മെത്രാന്മാർക്കെതിരായും കർദ്ദിനാളന്മാർ കർദ്ദിനാളന്മാർക്കെതിരായും നിലകൊള്ളാൻ ഇടയാക്കുന്നു. എന്തെന്നാൽ ഇക്കാലത്തെപ്പോലെ മറ്റൊരിക്കലും സാത്താൻ അവരുടെയിടയിലേക്കു കടന്നുകൂടി വിലപ്പെട്ട അവരുടെ പരസ്പരസ്നേഹത്തിന്റെ കെട്ടുറപ്പ് തകർക്കുന്നതിൽ വിജയിച്ചിട്ടില്ല.

ഞാൻ പ്രത്യേകമായ വിധത്തിൽ സ്നേഹിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മകനും ക്രിസ്തുവിന്റെ വികാരിയുമായ മാർപ്പാപ്പയെപ്പോലും പരിത്യജിക്കുവാനുള്ള പ്രവണതയിൽ ഈ ആന്തരിക ഭിന്നത സ്പഷ്ടമാകുന്നുണ്ട്.

എതിരാളികളാൽ ഭീഷണിയും തടസ്സങ്ങളും അദ്ദേഹം നേരിടുമ്പോൾ, എന്റെ മക്കളുടെ നിശ്ശബ്ദതയും ഉപേക്ഷയും പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളേയും പ്രവൃത്തികളേയും മറച്ചുകളയുന്ന കാഴ്ച എന്റെ മാതൃഹൃദയത്തെ മുറിപ്പെടുത്തുന്നു.

തിരുസഭ മുഴുവനും അദ്ദേഹത്തിന്റെ ദൗത്യത്തെ വേണ്ടവിധത്തിൽ പിന്താങ്ങുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. ചില പുരോഹിതർ പോലും അദ്ദേഹത്തിന്റെ  വിശ്വസനീയമായ വാക്കുകളാലും പ്രബോധനങ്ങളാലും നയിക്കപ്പെടുവാൻ വിസമ്മതിക്കുന്നതു കാണുമ്പോൾ എന്റെ മാതൃഹൃദയം ദുഃഖത്തിലാണ്ടു പോകുന്നു.

മാർപ്പാപ്പയിൽ നിന്നും വിഘടിച്ചു നിൽക്കുന്നതിനുള്ള ആദ്യത്തെ മാർഗ്ഗം തുറന്ന എതിർപ്പാണ്. എന്നാൽ അതിനേക്കാൾ കൗശലപൂർവവും അപകടകരവുമായ മറ്റൊരു മാർഗ്ഗം കൂടിയുണ്ട്. മാർപ്പാപ്പയോടുള്ള തന്റെ യോജിപ്പ് ബാഹ്യമായി പ്രഖ്യാപിക്കുകയും എന്നാൽ മാനസികമായി അദ്ദേഹത്തോടു വിയോജിക്കുകയും അദ്ദേഹത്തിന്റെ  പഠനങ്ങളെ നിഷ്പ്രഭമാക്കി പ്രയോഗത്തിൽ അദ്ദേഹത്തിന്റെ  പ്രബോധനങ്ങൾക്കെതിരായി പ്രവർത്തിക്കുകയുമാണ് ആ മാർഗ്ഗം.

ഹാ!! എന്റെ ഈശോയുടെ ഭൗതികശരീരമേ, കാൽവരിയിലേക്കുള്ള നിന്റെ വേദനാനിർഭരമായ യാത്രയിൽ നീ പതിനൊന്നാം സ്ഥലത്ത് എത്തിയിരിക്കുന്നു!  അവിടെ  നിന്റെ ശരീരത്തിലെ അവയവങ്ങൾ ഞെരിഞ്ഞുതകർന്ന് നീ വീണ്ടും കുരിശിൽ തറക്കപ്പെടുന്നത് ഞാൻ കാണുന്നു!

എന്റെ വിമലഹൃദയത്തിന്റെ പ്രേഷിതരായ പ്രിയസുതരേ, നിങ്ങൾ എന്താണു ചെയ്യേണ്ടത്? നിങ്ങൾ സഭയുടെ ആന്തരിക  ഐക്യത്തിനു വേണ്ടി സ്വയം മരിക്കാൻപോലും സന്നദ്ധതയുള്ള, മണ്ണിലുള്ള വിത്തുകൾ പോലെയായിരിക്കണം.

അതുകൊണ്ട് മാർപ്പാപ്പയോടും അദ്ദേഹത്തോടു  ചേർന്നു നിൽക്കുന്ന തിരുസഭയോടുമുള്ള മഹത്തായ സ്നേഹത്തിലേക്കും വിശ്വസ്തതയിലേക്കും ഞാൻ നിങ്ങളെ അനുദിനം നയിക്കുന്നു. നിങ്ങളിൽക്കൂടെ  വേദനാജനകമായ ഞെരുക്കത്തിന്റെ ദിനങ്ങളെ അതിജീവിച്ച് സഭയുടെ വീണ്ടെടുക്കപ്പെട്ട ഐക്യത്തിന്റെ പ്രഭാപൂരം ലോകത്തിനു വെളിപ്പെടുത്താൻ എനിക്കു കഴിയും
."