2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

സംശയങ്ങളും അമ്പരപ്പുകളും

1977 October 27 - മാതാവിന്റെ സന്ദേശം 


 പ്രിയ സുതരെ, എന്റെ ജോലിയെ തടസ്സപ്പെടുത്താന്‍ എന്റെ ശത്രു അവനാല്‍   കഴിവുള്ളതെല്ലാം   ചെയ്യുന്നുവെന്നത് നിങ്ങള്‍ വിസ്മരിക്കരുത്. 
          ഞാന്‍ സഭയില്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച്   സംശയങ്ങളും  അമ്പരപ്പുകളും   സൃഷ്ടിക്കുക   എന്ന ആയുധം പ്രയോഗിക്കാനാണ് അവന്‍ ഇഷ്ടപ്പെടുന്നത്. ഉറപ്പുള്ളവയും നീതീകരിക്കത്തക്കവയുമെന്നു തോന്നുന്ന കാരണങ്ങളില്‍ ഈ സംശയങ്ങള്‍  അധിഷ്ടിതമാക്കാന്‍ അവന്‍  ശ്രമിക്കുന്നു. ഇതുപോലെ ഞാന്‍ നിങ്ങളോട് പറയുന്നവയോടെല്ലാം, അവ നിങ്ങള്‍ സ്വീകരിക്കയും ഗ്രഹിക്കയും ചെയ്യുന്നതിനു മുന്‍പുതന്നെ, ഒരു വിമര്‍ശന മനോഭാവം അവന്‍ നിങ്ങളില്‍ നിവേശിപ്പിക്കുന്നു.

  പരിഷ്കൃതരും മിക്കപ്പോഴും ദൈവശാസ്ത്രത്തിൽ വിദഗദ്ധരും അദ്ധ്യാപകരുമായ നിങ്ങളുടെ സഹോദരങ്ങളിൽ ചിലർ, ഞാൻ നിങ്ങളോടു പറയുന്ന കാര്യങ്ങൾ തള്ളിക്കളയുന്നതായി നിങ്ങൾ കേൾക്കുന്നുണ്ട്.  പരിഷ്കാര സമ്പത്തു കൊണ്ടു നിറഞ്ഞിരിക്കുന്ന അവരുടെ മനസ്സ് എന്റെ വാക്കുകളെ അരിച്ചരിച്ച് സൂക്ഷ്മപരിശോധന നടത്തുന്നു. തന്മൂലം, എളിയവർക്കും ലളിതമാനസർക്കും വളരെ വ്യക്തമായ എന്റെ ചില പ്രസ്താവനകൾ സ്വീകരിക്കുന്നതിന് അവർക്കു വലിയ ബുദ്ധിമുട്ടനുഭവപ്പെടുന്നു.

ലളിതമാനസർക്കു മാത്രമേ എന്റെ വാക്കുകൾ ഗ്രഹിക്കുന്നതിനും സ്വീകരിക്കുന്നതിനും കഴിയുകയുള്ളൂ. അമ്മ മക്കളോടു സംസാരിക്കുമ്പോൾ അവർ അവളെ ശ്രവിക്കുന്നു. കാരണം അവർ അവളെ സ്നേഹിക്കുന്നു. അമ്മ എന്തു പറഞ്ഞാലും അവർ അനുസരിക്കുന്നു. അങ്ങനെ അവർ അറിവിലും ജീവനിലും വളരുന്നു.

അവളെ കേൾക്കുന്നതിനു മുമ്പുതന്നെ വിമർശിക്കുന്നവർക്ക് അവളുടെ മക്കളായിരിക്കാൻ സാദ്ധ്യമല്ല. വിദ്യാഭ്യാസത്തിൽ പുരോഗമിക്കുമെങ്കിലും ഇക്കൂട്ടർക്ക് വിജ്ഞാനത്തിലും ജീവിതത്തിലും വളരുക സാദ്ധ്യമല്ല."